സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത് 5,137 സ്‌കൂളുകള്‍

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത് 5,137 സ്‌കൂളുകള്‍. പൊതുവിദ്യാഭ്യാസവകുപ്പ് അവസാനമായി പുറത്തുവിട്ട കണക്കുകള്‍പ്രകാരം 2,413 സര്‍ക്കാര്‍ സ്‌കൂളുകളും 2,724 എയ്ഡഡ് സ്‌കൂളുകളും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതായാണ് വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. പുതിയ കണക്കുകള്‍ വിദ്യാഭ്യാസവകുപ്പ് ശേഖരിച്ചുവരുന്നതേയുള്ളൂ. ഇതുകൂടിയാവുമ്പോള്‍ കണക്കുകള്‍ വീണ്ടും ഉയരുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇവയ്ക്കും മലാപ്പറമ്പ് സ്‌കൂളിന്റെ ഗതിയുണ്ടാവുമെന്നാണ് ആശങ്ക ഉയരുന്നത്.
നഷ്ടത്തിലായ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. കോടതി ഉത്തരവുമായി മാനേജ്‌മെന്റുകളെത്തിയാല്‍ സര്‍ക്കാരിന് മറ്റു വഴികളില്ലാത്ത സ്ഥിതിയുണ്ടാവും. വിദ്യാര്‍ഥികളുടെ എണ്ണം പര്യാപ്തമല്ലാത്ത സ്‌കൂളുകളെയാണ് ലാഭകരമല്ലാത്ത സ്‌കൂളുകളുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുന്നത്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളുള്ള സ്‌കൂളുകളില്‍ 50ഉം അഞ്ചുമുതല്‍ 10 വരെ ക്ലാസുകളുള്ള സ്‌കൂളുകളില്‍ 100ഉം കുട്ടികളില്ലാത്തവയാണ് ഈ ഗണത്തില്‍പ്പെടുന്നത്.
നഷ്ടത്തിലായ സ്‌കൂളുകള്‍ ലാഭത്തിലാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ വേണ്ടത്ര ഫലപ്രദമാവുന്നില്ലെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. പത്തനംതിട്ട ജില്ലയിലാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഏറ്റവും കൂടുതലുള്ളത്- 502. 281 സ്‌കൂളുകളുള്ള തിരുവനന്തപുരം ജില്ലയാണ് സര്‍ക്കാര്‍മേഖലയില്‍ മുന്നില്‍.
ഈ വിഭാഗത്തില്‍ രണ്ടാംസ്ഥാനത്ത് എറണാകുളം ജില്ലയാണ്- 274. കൊല്ലം- 220, പത്തനംതിട്ട- 215, ആലപ്പുഴ- 222, കോട്ടയം- 250, ഇടുക്കി- 122, എറണാകുളം- 274, തൃശൂര്‍- 116, പാലക്കാട്- 139, മലപ്പുറം- 106, കോഴിക്കോട്- 136, വയനാട്- 63, കണ്ണൂര്‍- 146, കാസര്‍കോട്- 123 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. എയ്ഡഡ് സ്‌കൂളുകളില്‍ ഏറ്റവും മുന്നില്‍ കണ്ണൂര്‍ ജില്ലയാണ്- 585. ഏറ്റവും കുറവ് ലാഭകരമല്ലാത്ത സ്‌കൂളുകളുള്ളത് വയനാട് ജില്ലയിലാണ്- 16. സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളുടെ പട്ടിക പരിശോധിച്ചാല്‍ എല്ലാരംഗത്തും പിന്നാക്കം നില്‍ക്കുന്ന വയനാട് ജില്ല വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നതെന്നു മനസ്സിലാക്കാം. സര്‍ക്കാര്‍-എയ്ഡഡ് മേഖല പരിശോധിച്ചാല്‍ ആകെ 79 സ്‌കൂളുകള്‍ മാത്രമാണ് ജില്ലയില്‍ ലാഭകരമല്ലെന്നു കണ്ടെത്തിയിട്ടുള്ളത്.
ലാഭകരമല്ലാത്ത സ്‌കൂളുകളില്‍ കൂടുതലും എല്‍പി വിഭാഗത്തിലാണ്. സര്‍ക്കാര്‍ മേഖലയിലെ 76 ശതമാനവും എയ്ഡഡ് മേഖലയിെല 82.27 ശതമാനവും എല്‍പി സ്‌കൂളുകളാണ് നഷ്ടത്തിലുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ 1,834 എല്‍പി സ്‌കൂളുകളും 427 യുപി സ്‌കൂളുകളും 152 ഹൈസ്‌കൂളുകളുമാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. എയ്ഡഡ് മേഖലയില്‍ 2,241 എല്‍പി സ്‌കൂളുകളും 430 യുപി സ്‌കൂളുകളും 53 ഹൈസ്‌കൂളുകളും ഈ പട്ടികയില്‍പ്പെടുന്നു.
സംസ്ഥാനത്തെ ജനനനിരക്കിലുള്ള കുറവ്, കേന്ദ്ര സിലബസിനോടുള്ള താല്‍പര്യം മൂലം സ്വകാര്യ സ്‌കൂളുകളിലേക്കുള്ള കൂടുമാറ്റം എന്നിവയാണ് ഇത്തരത്തില്‍ സ്‌കൂളുകള്‍ നഷ്ടത്തിലാവാന്‍ കാരണമെന്നാണ് വിദ്യാഭ്യാസവകുപ്പ് പറയുന്നത്. അതേസമയം, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് കേരളത്തില്‍ കുറവാണെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. 2011-12ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോവല്‍ നിരക്ക് 1.05 ശതമാനമാണ്.
ഹൈസ്‌കൂള്‍, യുപി തലത്തിനേക്കാള്‍ കൂടുതല്‍ കൊഴിഞ്ഞുപോക്ക് എല്‍പി വിഭാഗത്തിലാണ്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊഴിഞ്ഞുപോക്കുള്ളത്. എല്‍പി തലത്തില്‍ 4.87 ശതമാനവും യുപി തലത്തില്‍ 2.15 ശതമാനവുമാണ് കൊഴിഞ്ഞുപോക്ക്.
ഹൈസ്‌കൂള്‍ തലത്തില്‍ വയനാട്ടിലാണ് കൊഴിഞ്ഞുപോക്ക് കൂടുതല്‍- 2.51 ശതമാനം. മിക്ക ജില്ലകളിലും കൊഴിഞ്ഞുപോവല്‍ നിരക്ക് മൂന്നുവിഭാഗങ്ങളിലും 0.50 ശതമാനത്തിനു മുകളിലാണ്. 2011-12ലെ കണക്കുകള്‍പ്രകാരം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോവല്‍ 0.61 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ കൊഴിഞ്ഞുപോവല്‍ 3.71 ശതമാനവുമാണെന്നാണു കണക്കാക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it