Flash News

സംസ്ഥാനത്തെ ശിക്ഷാനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവ്‌

സംസ്ഥാനത്തെ ശിക്ഷാനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവ്‌
X
കൊച്ചി: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേ നടന്ന അതിക്രമങ്ങളിലെ ശിക്ഷാനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവ്. ദേശീയ ശരാശരി 18.9 ശതമാനമാണെങ്കില്‍ കേരളത്തില്‍ ഇത് 10.7 ശതമാനം മാത്രമാണെന്ന് ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ 2016ലെ കണക്കുകള്‍ പറയുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ ഭരണകൂടസംവിധാനങ്ങള്‍ പാലിക്കുന്ന നിസ്സംഗതയാണ് കണക്കുകളിലൂടെ വ്യക്തമായിരിക്കുന്നത്. കേരളത്തില്‍ 2016ല്‍ ഇത്തരത്തിലുള്ള 4,652 കേസുകളിലാണ് വിചാരണ പൂര്‍ത്തിയായത്. വലിയ പോലിസ് സന്നാഹവും ആധുനിക സംവിധാനങ്ങളുമെല്ലാമുണ്ടായിട്ടും കേവലം 500 പേരെ മാത്രമേ നിയമപ്രകാരം ശിക്ഷിക്കാനായുള്ളൂ.



ആരോപണവിധേയരായ 4,152 പേരെ വിചാരണയ്ക്കുശേഷം നിരപരാധികളെന്നു കണ്ട് വിട്ടയച്ചു. നിരവധി കേസുകള്‍ വിചാരണ പൂര്‍ത്തിയാവാതെ കെട്ടിക്കിടക്കുന്നു. മുന്‍ വര്‍ഷങ്ങളിലെ അടക്കം 61,251 കേസുകളിലാണു വിചാരണ പൂര്‍ത്തിയാവാനുള്ളത്. 2016ല്‍ സംസ്ഥാനത്ത് 1,656 സ്ത്രീകളാണ് ബലാല്‍സംഗത്തിന് ഇരയായത്. സ്ത്രീക്ക് പരിചയമുള്ളവരാണ് 1,627 കേസുകളിലെ പ്രതികള്‍. മുത്തച്ഛന്‍, പിതാവ്, സഹോദരന്‍മാര്‍, മകന്‍ തുടങ്ങിയവരാണ് 73 കേസുകളിലെ പ്രതികള്‍. അടുത്ത ബന്ധുക്കള്‍ 63 കേസുകളിലും ബന്ധുക്കള്‍ 74 കേസുകളിലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു. അയല്‍പക്കത്ത് താമസിക്കുന്നവര്‍ 585 കേസുകളില്‍ പ്രതിയായി. തൊഴിലിടങ്ങളിലെ സഹപ്രവര്‍ത്തകര്‍ 24 കേസുകളിലും ലിവ് ഇന്‍ പാര്‍ട്ണര്‍, ഭര്‍ത്താവ്, മുന്‍ ഭര്‍ത്താവ് തുടങ്ങിയവര്‍ 26 കേസുകളിലും പ്രതിയായി. വിവാഹവാഗ്ദാനം നടത്തി പീഡിപ്പിച്ചെന്ന പേരില്‍ 628 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീക്ക്് അജ്ഞാതരായ 29 പേരും കേസുകളില്‍ പ്രതിയായതായി റിപോര്‍ട്ട് പറയുന്നു. അതേസമയം, രാജ്യത്ത് മൊത്തം 38,947 സ്ത്രീകളാണ് 2016ല്‍ ബലാല്‍സംഗത്തിന് ഇരയായത്. സ്ത്രീക്ക് പരിചയമുള്ളവരാണ് 36,859 കേസുകളിലെയും പ്രതികള്‍. മുത്തച്ഛന്‍, പിതാവ്, സഹോദരന്‍, മകന്‍ തുടങ്ങിയവര്‍ 630 കേസുകളില്‍ പ്രതികളായി. സ്ത്രീകള്‍ക്കെതിരായ വിവിധതരം അതിക്രമങ്ങളുമായി ബന്ധപ്പെട്ട് മുന്‍വര്‍ഷങ്ങളിലേതടക്കം 14,355 കേസുകളാണ് 2016ല്‍ കേരള പോലിസ് അന്വേഷിച്ചത്. ഇതില്‍ ഒരു കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. 38 കേസുകള്‍ മറ്റു പോലിസ് സ്റ്റേഷനുകളിലേക്കോ മജിസ്‌ട്രേറ്റിനോ അയച്ചു. അന്വേഷണത്തില്‍ അതിക്രമം നടന്നെന്നു വ്യക്തമായെങ്കിലും ശക്തമായ വിചാരണയ്ക്കു വേണ്ട തെളിവുകളില്ലാത്ത കേസുകളായിരുന്നു 233 എണ്ണവും. 286 കേസുകള്‍ തെറ്റായ ആരോപണം മൂലം രജിസ്റ്റര്‍ ചെയ്തതായിരുന്നെന്നും റിപോര്‍ട്ട് പറയുന്നു.
Next Story

RELATED STORIES

Share it