palakkad local

സംസ്ഥാനത്തെ വാണിജ്യ നികുതി ചെക്‌പോസ്റ്റുകള്‍ ഇനി ഓര്‍മ

വാളയാര്‍: രാജ്യത്ത് ചരക്കു സേവന നികുതി നടപ്പിലാക്കിയതോടെ ഇന്നുമുതല്‍ ചരക്ക് സേവന നികുതി വകുപ്പില്‍ ചെക് പോസ്റ്റ് സംവിധാനം പൂര്‍ണ്ണമായും ഇല്ലാതായി. ജിഎസ്ടി വന്നതോടെ പഴയ വാണിജ്യ നികുതി ചെക്‌പോസ്റ്റുകളുടെ ആവശ്യമില്ലാതായി. വാളയാറുള്‍പ്പെടെ  സംസ്ഥാനത്തെ 84 വാണിജ്യ നികുതി ചെക്‌പോസ്റ്റുകളാണ് ഇന്നലയോടെ പ്രവര്‍ത്തനം നിര്‍ത്തിയത്. നിലവില്‍ ചരക്കു വാഹനങ്ങളില്‍ ഡിക്ലറേഷന്‍ പരിശോധന മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
ചെക്‌പോസ്റ്റുകളില്ലാതാവുന്നതോടെ ജീവനക്കാരുടെ പുനര്‍വിന്യാസം നടപടികള്‍  നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 600 ഓളം ജീവനക്കാരെ സ്ഥലം മാറ്റും. ചെക്‌പോസ്റ്റ് കൂടുതലുള്ള പാലക്കാട് ജില്ലയിലെ 14 വാണിജ്യ നികുതി ചെക് പോസ്റ്റുകളിലെ 200 ലധികം ജീവനക്കാര്‍ ഇതോടെ സ്ഥലം മാറി പോവേണ്ടിവരും.
ചരക്കു സേവന നികുതി പ്രാവര്‍ത്തികമായതോടെ ആദ്യമാസത്തില്‍ തന്നെ ചെക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ പുനര്‍ നാമകരണം ചെയ്ത സ്റ്റാഫ് പാറ്റേണില്‍ അഴിച്ചുപണി നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴുണ്ടാകുന്ന സ്ഥലമാറ്റം.
പാലക്കാട് ജില്ലയിലെ വാണിജ്യ നികുതി ചെക് പോസ്റ്റുകളിലെ ജീവനക്കാര്‍ക്ക് മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലേക്കാവും മാറ്റം. വകുപ്പുകളില്‍ കൂടുതല്‍ പേര്‍ ജോലിയില്‍ പ്രവേശിക്കുന്നത് ക്ലറിക്കല്‍ തസ്തികയിലാണ്. ഈ തസ്തികയിലേക്ക് മാറ്റപ്പെടുന്നവരുടെ എണ്ണം 101 ഓളം വരുമെന്നിരിക്കെ ജില്ലയില്‍ നിന്നും ഏകദേശം 45 പേരുണ്ടാവും.
സംസ്ഥാനത്താകെ 38 പേര്‍ നിര്‍ബന്ധമായും അയല്‍ ജില്ലകളിലേക്ക് പോവണം. സംസ്ഥാനത്താകെ 213 ഓഫിസ് അറ്റന്‍ഡന്‍മാര്‍ സ്ഥലം മാറ്റപ്പെടുന്നതില്‍ 93 പേരും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫിസര്‍ തസ്തികയില്‍ 81 പേരേയും പാലക്കാട് ജില്ലയില്‍ നിന്നും അയല്‍ ജില്ലകളിലേക്ക് മാറിയിട്ടുണ്ട്.
ചെക്‌പോസ്റ്റുകളിലെ ക്ലാസ് ഫോര്‍ ഉള്‍പ്പടെയുള്ള 600 ഓളം തസ്തികകള്‍ വെട്ടിചുരുക്കി ജിവനക്കാരെ കൂട്ടത്തോടെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റുകയും ചെയ്ത നടപടികള്‍ക്കെതിരേ ജിവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.
Next Story

RELATED STORIES

Share it