സംസ്ഥാനത്തെ വനം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ വനഭൂമി കൈയ്യേറ്റം  ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ്  .1977 ജനുവരി ഒന്നിനുശേഷം കൈയേറിയ 7289 ഹെക്ടറോളം വനഭൂമി ഒഴിപ്പിക്കാനാണ് നിര്‍ദേശം. ഇടുക്കി ജില്ലയിലേയും പ്രത്യേകിച്ച് മൂന്നാറിലെയും അടക്കം വനം കൈയേറ്റങ്ങള്‍ ഒരുവര്‍ഷത്തിനകം ഒഴിപ്പിച്ച് വനഭൂമി തിരിച്ചുപിടിക്കണമെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് എ എം ഷഫീക്ക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ വനഭൂമി കൈയേറ്റങ്ങള്‍ സാധൂകരിക്കാനാവൂ എന്നും കോടതി വ്യക്തമാക്കി. ഒഴിപ്പിക്കാനുള്ള നടപടികള്‍ ആറുമാസത്തിനകം ആരംഭിക്കുകയും ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും വേണം. മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളിലെ വനഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ത്യശൂര്‍ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് , നേച്ചര്‍ ലവേഴ്‌സ് മൂവ്‌മെന്റ് തിരുവാങ്കുളം തുടങ്ങിയ പരിസ്ഥിതി  സംഘടനകള്‍  സമര്‍പ്പിക്കപ്പെട്ട പൊതു താല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ  ഉത്തരവ്.1977 നുശേഷം വനഭൂമി വ്യാപകമായി കൈയേറിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വ്യാജരേഖ ചമച്ച് നിരവധിയാളുകള്‍ ഭൂമി തട്ടിയെടുത്തുവെന്നു വ്യക്തമാക്കി സര്‍ക്കാര്‍ തന്നെ പല പ്രവാശ്യം ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നു ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.2012 മെയ് 25 ന് കൈയേറ്റക്കാരെ ഒഴിപ്പിക്കാനും കൈക്കൊണ്ട നടപടികള്‍ അറിയിക്കാനും കോടതി ഉത്തരവിട്ടിരുന്നു.തുടര്‍ന്ന സതേണ്‍ സര്‍ക്കിളില്‍ 18 ഹെക്ടര്‍, കോട്ടയം സര്‍ക്കിളില്‍ 1427 ഹെക്ടര്‍, തൃശൂര്‍ സര്‍ക്കിളില്‍ 276 ഹെക്ടര്‍ , ഒലവക്കോട് സര്‍ക്കിളില്‍ 3684 ഹെക്ടര്‍, കോഴിക്കോട് സര്‍ക്കിളില്‍ 1384 ഹെക്ടര്‍ , പെരിയാര്‍ ടൈഗര്‍ റിസര്‍വ്  സര്‍ക്കിളില്‍ 1000 ഹെക്ടര്‍ ,പാലക്കാട് വൈല്‍ഡ് ലൈഫ് സര്‍ക്കിളില്‍ 193  ഹെക്ടര്‍- വനഭൂമിയില്‍ കൈയേറ്റമുണ്ടെന്നു കണ്ടെത്തിയെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നത്. കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നതടക്കമുള്ള വിശദാംശങ്ങള്‍ കോടതിയെ അറിയിച്ചെങ്കിലും വനഭൂമി ഒഴിപ്പിച്ചില്ലെന്ന് കോടതി ചൂണ്ടികാട്ടി.  യോഗങ്ങള്‍ ചേര്‍ന്നതല്ലാതെ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി. 7000 ഹെക്ടറിലധികം വനഭൂമി കൈയേറിയിട്ടുള്ളതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളതിനാല്‍ വനം കൈയേറ്റം ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിക്കേണ്ടതുണ്ട് .സമയബന്ധിതമായി കൈയേറ്റക്കാരെ ഒഴിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കോടതി ഉത്തരവിട്ടു. വനംഭൂമി കൈവശംവച്ചിട്ടുള്ളവര്‍ക്ക് ഭൂമി പതിച്ചുനല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.വനഭൂമി കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഭൂ സംരക്ഷണ നിയമപ്രകാരമോ 1961 ലെ കേരള വനം നിയമപ്രകാരമോ നടപടി സ്വീകരിക്കണം. കൈയേറ്റക്കാര്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കിവേണം നടപടി സ്വീകരിക്കാന്‍. നടപടിക്രമങ്ങള്‍ പാലിച്ചുവേണം ഒഴിപ്പിക്കല്‍ നടപടി. നടപടിക്രമങ്ങള്‍ ആറുമാസത്തിനകം ആരംഭിക്കണം. ഒഴിപ്പിക്കല്‍ നടപടികള്‍ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി.
രാജഭരണകാലത്തെ പാട്ടം സമ്പ്രദായത്തിലൂടെ വനഭൂമിയും പലരിലേക്കും കൈമാറപ്പെട്ടതായി ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. ഏലക്കാടുകള്‍ക്കായി വനഭൂമി പാട്ടത്തിന് നല്‍കി വരുന്ന രീതി അവസാനിപ്പിച്ചത് 1953ലാണ്. 58ല്‍ ഏലമലക്കാടുകളുടെ നിയന്ത്രണം റവന്യൂ വകുപ്പിന് കൈമാറി. ഏലക്കാടുകള്‍ ഉള്‍പ്പെടെ വനഭൂമി കൃത്യമായി അളന്നു തിട്ടപ്പെടുത്താനും അതിര്‍ത്തി നിശ്ചയിക്കാനും 1961ല്‍ മൂന്ന് ഉദ്യോഗസ്ഥരെ നിയമിച്ചു. വനമേഖലയില്‍ അനധികൃത കൈയേറ്റവും പാട്ടക്കരാര്‍ ലംഘനവും നടക്കുന്നതായി രാധാകൃഷ്ണ മേനോന്‍ റിപ്പോര്‍ട്ടും ഇതേ വര്‍ഷം സര്‍ക്കാറിന് ലഭിച്ചു. 1965ല്‍ മണിയത്താന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനധികൃത കൈയേറ്റക്കാരെ നഷ്ടപരിഹാരവും പകരം പുനരധിവാസവും നല്‍കി ഒഴിപ്പിക്കാനുള്ള തീരുമാനമുണ്ടായി.   ഈ ഉത്തരവുകളുണ്ടായിട്ടും വന ഭൂമി കൈയേറ്റം തുടരുന്നതായും നടപടികളെടുക്കണമെന്നും ചൂണ്ടിക്കാട്ടി 1977 ജൂലൈ എട്ടിന് അഡീ. ചീഫ് സെക്രട്ടറി േഫാറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് കത്തെഴുതി. തുടര്‍ന്ന് 1977ന് മുമ്പുള്ള കൈയേറ്റങ്ങളെ സാധൂകരിച്ചും ശേഷം പുതിയ കൈയേറ്റം ഒരു കാരണവശാലും അനുവദിക്കരുതെന്ന് വ്യക്തമാക്കിയും 1978ല്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇത്തരത്തില്‍ വനം കൈയേറ്റം തടയാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചെങ്കിലും നടപ്പാക്കാന്‍ കഴിയുന്നില്ല.ഇടുക്കിയിലെ 15721 ഏക്കര്‍ വരുന്ന ഏലമലക്കാട് നിക്ഷിപ്തവനംഭൂമിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ 2002 ഒക്ടോബര്‍ 17നു വനംവകുപ്പിനു കൈമാറിയ വനഭൂമി 3167 ഏക്കര്‍ മാത്രമായിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി വനഭൂമി നിയമവിരുദ്ധമായി വിട്ടു നല്‍കുകയായിരുന്നു എന്നായിരുന്നു 2002 ല്‍ നല്‍കിയ  ഹര്‍ജിയിലെ  പരാതി.
Next Story

RELATED STORIES

Share it