സംസ്ഥാനത്തെ ലോഫ്‌ളോര്‍ ബസ്സുകളില്‍ പകുതിയും കട്ടപ്പുറത്ത്

കൊച്ചി: സംസ്ഥാനത്ത് സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ലോഫ്‌ളോര്‍ ബസ്സുകളില്‍ 50 ശതമാനത്തിലേറെയും കട്ടപ്പുറത്തെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനു കീഴില്‍ ആകെ 190 ലോഫ്‌ളോര്‍ ബസ്സുകളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 110 ബസ്സുകളും സര്‍വീസ് നിര്‍ത്തിവച്ചിട്ട് ആഴ്ചകള്‍ പിന്നിടുകയാണ്. വിവിധ ഡിപ്പോകളില്‍ നിന്ന് ഇപ്പോള്‍ ആകെ സര്‍വീസ് നടത്തുന്നത് 80 ബസ്സുകള്‍ മാത്രമാണ്.
കൊച്ചിയിലാണ്  ഏറ്റവും അധികം ബസ്സുകള്‍ കട്ടപ്പുറത്തുള്ളത്. ജന്റം പദ്ധതി പ്രകാരം കൊച്ചിക്ക് ആകെ ലഭിച്ചത് 51 എസി ലോഫ്‌ളോര്‍ ബസ്സുകളാണ്. അതില്‍ 37 ബസ്സും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഡിപ്പോയില്‍ ഗ്യാരേജ് ഇല്ലാത്തതിനാല്‍ വെയിലും മഴയും കൊണ്ട് ഈ ബസ്സുകള്‍ നാശത്തിന്റെ വക്കിലാണ്. ജന്റം പദ്ധതി പ്രകാരം ലഭിച്ച ബസ്സുകളായതിനാല്‍ അറ്റകുറ്റപ്പണിയുടെ ചെലവ് മാത്രമേ കോര്‍പറേഷനു വഹിക്കേണ്ടതുള്ളൂ.  എന്നാല്‍, ഇതിനു തയ്യാറാവാത്തതും  ബസ്സുകള്‍ നശിക്കുന്നതിന് കാരണമാവുന്നു.
നിസ്സാരമായ അറ്റകുറ്റപ്പണികള്‍ മാത്രമാണ് ഭൂരിഭാഗം വാഹനങ്ങള്‍ക്കുമുള്ളത്. എന്നാല്‍, സ്‌പെയര്‍പാര്‍ട്‌സ് വാങ്ങാത്തതിനാല്‍ ഇവ മുടങ്ങുകയാണ് പതിവ്.
കെയുആര്‍ടിസിയുടെ പേരില്‍ കുടിശ്ശികയുള്ളതിനാല്‍ വിസ്റ്റ കമ്പനി സ്‌പെയര്‍പാര്‍ട്‌സ് നിലവില്‍ നല്‍കുന്നില്ല. ബസ്സുകളുടെ ക്ഷാമം മൂലം ഒരേ ബസ്സുകള്‍ തന്നെ അധിക സര്‍വീസ് നടത്തുന്നതും അറ്റകുറ്റപ്പണികള്‍  കൂടാന്‍ കാരണമാവുമെന്ന് ജീവനക്കാര്‍ പറയുന്നു.
കടുത്ത വേനല്‍ വരുന്ന സാഹചര്യത്തില്‍ എസി ലോഫ്‌ളോര്‍ ബസ്സുകളില്‍ യാത്രക്കാരുടെ എണ്ണം കൂടും. ഈ സമയങ്ങളില്‍ ഇവ കട്ടപ്പുറത്ത് കിടക്കുന്നത് ഒരേസമയം ജനങ്ങള്‍ക്കും കെയുആര്‍ടിസിക്കും നഷ്ടമാണ്.  തകരാറുമുലം സിറ്റി സര്‍വീസുകള്‍ ഭൂരിഭാഗവും വെട്ടിക്കുറയ്ക്കുകയും ചിലത് നീട്ടുകയും ചെയ്തിട്ടുണ്ട്. ദീര്‍ഘദൂര സര്‍വീസുകളിലാണ് നിലവില്‍ കോര്‍പറേഷന്റെ ശ്രദ്ധ. തിരുവനന്തപുരത്തിന് ആകെ അനുവദിച്ച 39 ബസ്സുകളില്‍ സര്‍വീസ് നടത്തുന്നത് 14 എണ്ണം മാത്രമാണ്.
530 നോണ്‍ എസി ലോഫ്‌ളോര്‍ ബസ്സുകളടക്കം 720 ലോഫ്‌ളോര്‍ ബസ്സുകളാണ് കേരളത്തിന് അനുവദിച്ചത്. നോണ്‍ എസിയില്‍ 337 ബസ്സുകള്‍ നിരത്തിലുണ്ട്. ബസ്സുകള്‍ കട്ടപ്പുറത്തിരിക്കുന്ന വിവരം തൊഴിലാളി സംഘടനകള്‍ നിരവധി തവണയാണ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഒരാഴ്ചയില്‍ ഒന്നെന്ന കണക്കില്‍ ബസ്സുകള്‍ സര്‍വീസ് അവസാനിപ്പിക്കുമ്പോഴും കാഴ്ചക്കാരുടെ റോളില്‍ തന്നെയാണ് അധികൃതര്‍.
Next Story

RELATED STORIES

Share it