malappuram local

സംസ്ഥാനത്തെ മികച്ച ക്ലാസ്മുറികള്‍ ഇനി ഏറനാട്ടെ സ്‌കൂളുകളില്‍



മലപ്പുറം: ഏറനാട് മണ്ഡലത്തിലെ സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ പുതിയ ചുവടുവയ്പ് നടത്തുന്നു. ഒന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളും സകൂള്‍ വരാന്തകളും ടൈല്‍സ് വിരിച്ച് മോടികൂട്ടുന്നതാണ് പുതിയ പദ്ധതി. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. പി കെ ബഷീര്‍ എംഎല്‍എ നടപ്പാക്കിയ ഏറ്റം മുന്നേറ്റം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നത്. മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് വിഭാഗത്തില്‍ വരുന്ന 86 എല്‍പി, യുപി സ്‌കൂളികളിലുമായി 664 ക്ലാസ്സ് റൂമുകളിലായി പദ്ധതി നടപ്പാക്കും. ഇത് സംബന്ധിച്ച രൂപരേഖയ്ക്ക് എടവണ്ണയില്‍ നടന്ന യോഗത്തില്‍ അംഗീകാരം നല്‍കി. എംഎല്‍എ ഫണ്ടിനു പുറമേ ഗ്രമാപ്പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും പിടിഎയുടേയും ഫണ്ട് ഉപയോഗിച്ചാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കുക. എയ്ഡഡ് സ്‌കൂളുകളില്‍ മാനേജ്‌മെന്റും പിടിഎയും എംഎല്‍എയുടെ പ്രത്യേക ശ്രമഫലമായി സ്വകാര്യ വ്യക്തികളായ സ്‌പോണ്‍സറെ കണ്ടെത്തി യോജിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്. ക്ലാസ് മുറികള്‍ക്ക് പുറമേ പാചകപ്പുരയും, മൂത്രപ്പുരകളും, സ്‌കൂള്‍ വരാന്തകളും ൈടല്‍സ് പാകി മനോഹരമാക്കും. ആഗസ്തില്‍ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിക്കുമെന്ന് പി കെ ബഷീര്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മണ്ഡലത്തിലെ മുഴുവന്‍ എല്‍പി, യുപി സ്‌കൂളുകളും ടൈല്‍സ് വിരിച്ച് മനോഹരമാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് വൃത്തിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന്റെയും അടിസ്ഥാനസൗകര്യ വികസനത്തിന്റെയും ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കൂടാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം പദ്ധതി പ്രകാരം ഹൈസ്‌കൂളുകള്‍ ഹൈടെക് ആക്കുന്ന പദ്ധതിയും നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ മണ്ഡലത്തിലെ ഏഴു ഗ്രമപ്പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് മെംബര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പ്രധാന അധ്യാപകരും എസ്എംസി, പിടിഎയും  മാനേജര്‍മാരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it