സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കും: മുഖ്യമന്ത്രി

കോഴിക്കോട്/തിരുവനന്തപുരം:  സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ ഭരണകൂടം ഒരുക്കിയ ഭിന്നശേഷി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇവ കണ്ടെത്തി പ്രധിരോധിക്കേണ്ടതുണ്ട്. സുസ്ഥിരമായ പുനരധിവാസം ഉറപ്പുവരുത്തണം. ഇതിനാവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. ഭിന്നശേഷിക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിന് 5 ശതമാനം സംവരണവും ജോലിക്ക് 4 ശതമാനം സംവരണവും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റേതുമായി  250 കോടിയുടെ പദ്ധതികളാണു നടപ്പാക്കുന്നത്.  ഭിന്നശേഷികാര്‍ക്ക് വേണ്ട പരിഗണന നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യം പ്രാവര്‍ത്തികമാവാന്‍ സമൂഹത്തിന്റെ കൂട്ടായ പരിശ്രമംകൂടി ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇന്ത്യന്‍ ധവളവിപ്ലവത്തിന്റെ ശില്‍പിയെന്ന് അറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യനെ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌നയ്ക്ക് നിര്‍ദേശിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. പാല്‍ ഉല്‍പാദനത്തില്‍ ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുന്നിലെത്തിക്കുകയും ദശലക്ഷക്കണക്കിന് ക്ഷീരോല്‍പാദകര്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്ത ഡോ. കുര്യന്‍ ഈ ബഹുമതിക്ക് തികച്ചും അര്‍ഹനാണ്.  പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, മഗ്‌സാസെ തുടങ്ങിയ ഉന്നത ബഹുമതികള്‍ നേടിയ ഡോ. കുര്യന് ഭാരതരത്‌ന സമ്മാനിക്കുന്നത് ദശലക്ഷക്കണക്കിന് ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന ആദരവാവുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it