സംസ്ഥാനത്തെ ഭക്ഷ്യപരിശോധന മൂന്ന് ലാബുകളില്‍ ഒതുങ്ങുന്നു

കെ അഞ്ജുഷ

കോഴിക്കോട്: ഭക്ഷണപദാര്‍ഥങ്ങളുടെ പരിശോധനയ്ക്കായി സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നത് ആകെ മൂന്ന് ലാബുകള്‍. കൃത്രിമപാനീയങ്ങളും മായംകലര്‍ന്ന ഭക്ഷണപദാര്‍ഥങ്ങളും വിപണി കീഴടക്കുമ്പോള്‍ ഈ ലാബുകള്‍ പര്യാപ്തമല്ലാതാവുകയാണ്.
സംസ്ഥാനത്തെ ജനസംഖ്യയും ഹോട്ടലുകളെയും തട്ടുകടകളെയും മറ്റിടങ്ങളെയും ആശ്രയിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും ഭക്ഷ്യസുരക്ഷയിലേക്കാണു വിരല്‍ചൂണ്ടുന്നത്. പലപ്പോഴും ഭക്ഷ്യപരിശോധനകള്‍ പേരിനു മാത്രമായി ഒതുങ്ങിപ്പോവുന്നതായും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് കടകളില്‍ വില്‍പ്പന നടത്തുന്ന പാക്കറ്റ് പദാര്‍ഥങ്ങളില്‍ പലതും പരിശോധനയ്ക്കു വിധേയമായിട്ടുള്ളതല്ല. ആരോഗ്യത്തിനു മുന്‍ഗണന നല്‍കുമ്പോള്‍ പരിശോധന കാര്യക്ഷമമാവേണ്ടതുണ്ട്.
അതത് ജില്ലകളില്‍ ഭക്ഷണപദാര്‍ഥങ്ങളിലെ മായം കണ്ടെത്തുന്നതിനായുള്ള ലാബുകള്‍ വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. അനധികൃത ശീതളപാനീയങ്ങള്‍ വ്യാപകമാവുന്നതും ആശങ്കയുണര്‍ത്തുന്നു. യാതൊരു മാനദണ്ഡവും പാലിക്കാതെ നിര്‍മിക്കുന്ന പാനിയങ്ങളിലൂടെയും ഭക്ഷ്യവസ്തുക്കളിലൂടെയും പിടിപെടാവുന്ന രോഗങ്ങളും അനവധിയാണ്. എന്തെങ്കിലും ആപത്തു വരുമ്പോള്‍ മാത്രം ഉണരുന്ന സംവിധാനങ്ങളെക്കാള്‍ വേണ്ടത് അത്യാഹിതം സംഭവിക്കാതെ നോക്കുന്നതിനായി എടുക്കേണ്ട മുന്‍കരുതലുകളാണ്.
ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, തട്ടുകടകള്‍, പെട്ടിക്കടകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പലനിറത്തിലും രുചിയിലുമുള്ള ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാണ്. പാല്‍ തുടങ്ങി പായസം വരെ ടിന്നുകളില്‍ വില്‍പ്പന നടത്തുമ്പോള്‍ ഇവയുടെ പരിശോധനയ്ക്ക് യാതൊരു സംവിധാനവും നിലവിലില്ല.
സംസ്ഥാനത്ത് മൂന്ന് റീജ്യനുകളിലായി കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അനലിറ്റിക്കല്‍ ലാബുകള്‍ ഉള്ളത്.
കോഴിക്കോട്ടെ റീജ്യനല്‍ അനലിറ്റിക്കല്‍ ലാബില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഭക്ഷ്യവസ്തുക്കളാണു പരിശോധിക്കുന്നത്. മറ്റ് രണ്ട് റീജ്യനല്‍ അനലിറ്റിക്കല്‍ ലാബിലും നാലുവീതം ജില്ലകള്‍ ഉള്‍പ്പെടുന്നു.
Next Story

RELATED STORIES

Share it