kasaragod local

സംസ്ഥാനത്തെ തുറമുഖങ്ങളെ ഏകോപിപ്പിക്കും: മന്ത്രി

കാസര്‍കോട്: കാസര്‍കോട് മുതല്‍ വിഴിഞ്ഞം വരെയുളള തുറമുഖങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ പദ്ധതികളാവിഷ്‌കരിച്ച് നടപ്പിലാക്കിവരികയാണെന്നും തുറമുഖങ്ങളുടെ ഏകോപനത്തിന് പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കാസര്‍കോട് തുറമുഖ ഓഫിസിന്റേയും ക്വാര്‍ട്ടേഴ്‌സുകളുടേയും ഉദ്ഘാടനം നിര്‍വ—ഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ തുറമുഖ വകുപ്പിന് സ്വന്തമായി വാര്‍ഫില്ല. അതിനാല്‍ ഷിപ്പിങ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല.
ഇത് പരിഹരിക്കുന്നതിന് കൂട്ടായപ്രവര്‍ത്തനം ആവശ്യമാണ്. വടക്കേ അറ്റം മുതല്‍ തലസ്ഥാന നഗരി വരെ റോഡ്-റെയില്‍ ഗതാഗതത്തിന് സമാന്തരമായി കപ്പല്‍ ഗതാഗതത്തേ കുറിച്ച ആലോചിക്കുന്നുണ്ട്. വ്യാവസായികവും സാംസ്‌കാരികവുമയ വികസനത്തിന് തുറമുഖങ്ങള്‍ക്ക് പ്രധാന പങ്കുവഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ലക്ഷദ്വീപുമായി ബന്ധിച്ചുള്ള കപ്പല്‍ ഗതാഗതത്തിന് പ്രധാനപരിഗണനയാണ് നല്‍കുന്നത്. ജില്ലയില്‍ അഴിമുഖങ്ങള്‍ കേന്ദ്രീകരിച്ച് മാന്വല്‍ ഡ്രഡ്ജിങ് വഴി ശേഖരിക്കുന്ന മണല്‍ വില്‍പനയിലൂടെ പ്രതിമാസം ഒരു കോടിയില്‍പരം രൂപയാണ് കാസര്‍കോട് തുറമുഖ ഓഫിസ് പൊതുഖജനാവിലേക്ക് നല്‍കുന്നത്. മണല്‍ വാരുന്നതില്‍ മാഫിയസംഘങ്ങള്‍ക്കോ ഏജന്‍സികള്‍ക്കോ ഇടമുണ്ടാകില്ല. ജില്ലയിലെ പരമ്പരാഗത മണല്‍വാരല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
നിര്‍മാണ മേഖലക്ക് ഗുണനിലവാരമുള്ള മണല്‍ ലഭ്യമാക്കുന്നതിന് ക്രമീകരണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരുന്നു. നഗരസഭാംഗം റംസീന റിയാസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജി നാരായണന്‍, എം അനന്തന്‍ നമ്പ്യാര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, വി രാജന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, എ എം കടവത്ത്, ഹാര്‍ബര്‍ എന്‍ജിനിയറിങ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ വിജി കെ തട്ടാമ്പുറം, കോഴിക്കോട് തുറമുഖ ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപ്, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ടി പി മനോജ് കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it