സംസ്ഥാനത്തെ ഒമ്പത് നഗരങ്ങളെ മോടികൂട്ടാന്‍ കേന്ദ്രപദ്ധതി

കെ വി ഷാജി സമത

കോഴിക്കോട്: രാജ്യത്തെ നഗരപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന കേന്ദ്രപദ്ധതിയില്‍ കേരളത്തിലെ ഒമ്പത് നഗരസഭകളെ ഉള്‍പ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന അടല്‍ മിഷന്‍ ഫോര്‍ റിജ്യൂവിനേഷന്‍ ആന്റ് അര്‍ബന്‍ ട്രാാന്‍സ്‌ഫോര്‍മേഷന്‍ (അമൃത്) പദ്ധതിയിലാണ് കേരളത്തില്‍നിന്നുള്ള നഗരസഭകള്‍ക്കും ഇടംനേടാനായത്. രാജ്യത്തെ 500 നഗരങ്ങളില്‍ കുടിവെള്ള വിതരണം, അഴുക്കുജല സംസ്‌കരണം, ഓടകളുടെ നവീകരണം, ഗതാഗത സൗകര്യ വികസനം, പാര്‍ക്കുകളുടെയും തുറസ്സായ സ്ഥലങ്ങളുടെയും നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് അമൃത് പദ്ധതിയില്‍ മുന്‍തൂക്കം നല്‍കുക.
കേരളത്തില്‍നിന്നു തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍ കോഴിക്കോട് കോര്‍പറേഷനുകളും പാലക്കാട്, ആലപ്പുഴ മുനിസിപ്പാലിറ്റികളുമാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നത്. പിന്നീട്, പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പറേഷനെയും ഗുരുവായൂരിനെയും ഉള്‍പ്പെടുത്തി. അഞ്ചു വര്‍ഷമാണ് പദ്ധതിയുടെ കാലാവധി.
അടിസ്ഥാന വികസനപദ്ധതികള്‍ക്കുള്ള ധനസഹായത്തിനു പുറമേ നഗരസഭകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പദ്ധതിയിലൂടെ കേന്ദ്രസഹായം ലഭ്യമാവും. ഇതോടൊപ്പം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കാര്യശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഉപ പദ്ധതികളും ഇതിന്റെ ഭാഗമായുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട നഗരങ്ങളില്‍ നടപ്പാക്കുന്ന പ്രവൃത്തികള്‍ക്കായി സംസ്ഥാനം സമര്‍പ്പിച്ച 587.99 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്ര നഗരകാര്യ വകുപ്പ് അപ്പക്‌സ് കമ്മിറ്റി അംഗീകാരം നല്‍കി. ആകെ തുകയുടെ അമ്പത് ശതമാനമാണ് കേന്ദ്രവിഹിതം. ബാക്കിവരുന്ന തുക സംസ്ഥാനവും അതാത് നഗരസഭകളും കണ്ടെത്തണം. ആദ്യഘട്ടം എന്ന നിലയില്‍ പദ്ധതികളുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 57.60 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഇതിനു പുറമേ പദ്ധതി റിപോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനായി 8.91 കോടിയും അനുവദിച്ചിട്ടുണ്ട്.
32.23 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷംതന്നെ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ കേരളത്തിലെ മോണിറ്ററിങ് കമ്മിറ്റി. ഈ പദ്ധതിക്കു കീഴില്‍ ആദ്യഘട്ടമായി കൊല്ലം, കൊച്ചി, തൃശൂര്‍ നഗരസഭകള്‍ 15 കോടിയുടെ കുടിവെള്ള വിതരണ പദ്ധതികളും തിരുവനന്തപുരം നഗരസഭ 3 കോടി രൂപയുടെ മാലിന്യ സംസ്‌കരണ പദ്ധതിയുമാണ് നടപ്പാക്കുക. അനുവദിച്ച ആദ്യഗഡു ഈ സാമ്പത്തിക വര്‍ഷംതന്നെ ചിലവഴിക്കണം എന്നതിനാല്‍ ആദ്യഘട്ടത്തില്‍തന്നെ ഈ നഗരസഭകള്‍ പദ്ധതിക്കു പുറത്ത് ഇരിക്കേണ്ടി വരും.
Next Story

RELATED STORIES

Share it