Idukki local

സംസ്ഥാനത്തെ ഏക ചന്ദനഫാക്ടറി പൂട്ടിയിട്ട് വര്‍ഷങ്ങള്‍; ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

മറയൂര്‍: മറയൂരിലെ ചന്ദനക്കൊള്ള തടയാന്‍ ആരംഭിച്ച ചന്ദന ഫാക്ടറി അടച്ചുപൂട്ടിയിട്ട് വര്‍ഷങ്ങള്‍. കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു.കേരളത്തിലെ ഏക ചന്ദന ഫാക്ടറിക്കാണ് ഈ ദുര്‍ഗതി. മറയൂരിലെ ചന്ദനക്കാടുകളില്‍ നിന്നു കടത്തിയിരുന്ന ചന്ദന തടികള്‍ കൂടുതലും വാങ്ങിയിരുന്നത് മലപ്പുറം പാലക്കാട് കേന്ദ്രീകരിച്ച പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ചന്ദന ഫാക്ടറികളായിരുന്നു.
2005 ഭരണഘട്ടത്തില്‍ മാത്രം 2512 ചന്ദന മരങ്ങളാണ് മറയൂര്‍ കാടുകളില്‍ നിന്നും മോഷണംപോയത്. 2006ല്‍ കേരളത്തിലെ അനധികൃത ചന്ദന ഫാക്ടറികള്‍ അടച്ചുപൂട്ടുകയും മറയൂരില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ചന്ദന ഫാക്ടറി ആരംഭിക്കുകയുമായിരുന്നു.
2010 ആഗസ്ത് 18ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് ശിലാസ്ഥാപനം നടത്തിയത്.എസ് രാജേന്ദ്രന്‍ എംഎല്‍എയും വനംമന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെയും പ്രത്യേക ഇടപെടലിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിനകം മൂന്ന് കോടി രൂപ അനുവദിച്ച് നിര്‍മാണം തുടങ്ങി. 2011ല്‍ നൂറ് ദിവസത്തെ കര്‍മപദ്ധയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇപ്പോഴത്തെ സര്‍ക്കാര്‍.
ആറുമാസത്തെ പ്രവര്‍ത്തനത്തിന് ശേഷം കേരള ഫോറസ്റ്റ് ഡവലപ്പ് മെന്റ് കോപ്പറേഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവന്ന പൊതുമേഖലാ സ്ഥാപനമാണ് സര്‍ക്കാര്‍ പൂട്ടിയത്. ചന്ദന ഫാക്ടറി പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ദിവസം 100000 ലിറ്റര്‍ ജലം ആവശ്യമാണ്. ഇത് ലഭ്യമല്ലൊണ് അധികൃതര്‍ പറയുന്നത്. മറയൂര്‍ മേഖലയ്ക്ക് മുഴുവന്‍ കുടിവെള്ളം എത്തിക്കുന്ന കൂടക്കാറ്റ് ആറും കുടിവെള്ള സംഭരണിയും ഫാക്ടറിക്ക് സമീപമാണ്. അഞ്ചുലക്ഷം രൂപ മുതല്‍ മുടക്കി പുതുതായി സംഭരണിയോ ഒരുലക്ഷം രൂപ ചെലവില്‍ കുഴല്‍ കിണറോ നിര്‍മിച്ച് പരിഹരിക്കാവുന്ന പ്രശ്‌നത്തിലാണ് സര്‍ക്കാര്‍ പൊതുമേഖലസ്ഥാപനം പൂട്ടിയത്.
പിന്നോക്ക മേഖലയായ മറയൂരിലെ ജനങ്ങളുടെ തൊഴില്‍ സാധ്യതയും ഇല്ലാതാക്കി. കോടികളുടെ തൈല വ്യാപാരം നിര്‍ത്തലാക്കിയത് ചന്ദന മാഫിയയെ സഹായിക്കുന്നതിനാണെന്ന ആക്ഷേപം ശക്തമാണ്. ഇവിടെ ഉല്‍പാദിപ്പിച്ച 5 കോടി രൂപയുടെ ചന്ദനതൈലം വിറ്റഴിക്കാനാവാതെ ഇപ്പോഴും കെട്ടികിടക്കുന്നു.
നൂറ്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാമായിരുന്ന ടൂറിസത്തിന്റെ 'ഭാഗമായുള്ള ചന്ദന ഫാക്ടറി സന്ദര്‍ശനം, ചന്ദന സോപ്പ് നിര്‍മാണം , ചന്ദനത്തിരി നിര്‍മാണം എന്നീ സാധ്യതകളും ഇല്ലാതാക്കി. ഫാക്ടറി തുറക്കാന്‍ പുതുതായി അധികാരത്തിലെത്തുന്ന സര്‍ക്കാരിലാണ് മറയൂര്‍ നിവാസികളുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it