kasaragod local

സംസ്ഥാനത്തെ ആദ്യ ഇറ്റാലിയന്‍ സോക്കര്‍ പരിശീലന ക്യാംപിന് തൃക്കരിപ്പൂര്‍ ഒരുങ്ങുന്നു

തൃക്കരിപ്പൂര്‍: ഫൂട്ബാളിന്റെ സ്വന്തം നാട്ടില്‍ കളിയുടെ പ്രത്യേകതകളാലും തൃക്കരിപ്പൂര്‍ പുതിയ അധ്യായം തീര്‍ക്കുന്നു. ഫൂട്‌ബോളിന്റെ സവിശേഷതകള്‍കൊണ്ട് മനോഹാരിതമായ ഇറ്റാലിയന്‍ സ്‌റ്റൈല്‍ ഫൂട്‌ബോള്‍ പരിശീലനവുമായി മെട്ടമ്മല്‍ ബ്രദേഴ്‌സാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖരായ വിദേശ കോച്ചുകളുടെ മേല്‍നോട്ടത്തില്‍, എംബിഎംഎഫ്എ അക്കാദമി സംസ്ഥാനത്തെ ആദ്യ ഇറ്റാലിയന്‍ സോക്കര്‍ പരിശീലന ക്യാംപാണ് ഒരുക്കുന്നതെന്നു സംഘാടകര്‍ പറഞ്ഞു. ഇറ്റലിയിലെ എം പോളി എഫ്‌സി, എസി ഫിയോന്റിന ക്ലബുകളുടെ യുവേഫ എ ലൈസന്‍സുള്ള കോച്ചുമാരായ മാര്‍ക്കോ മസൈന്‍ട്ടിനി, സൈമണ്‍ ബോംബാര്‍ എന്നിവരുടെ നിയന്ത്രണത്തിലാണ് ഇറ്റാലിയന്‍ സോക്കര്‍ സ്‌റ്റൈല്‍ കരിക്കുലം പ്രകാരം തൃക്കരിപ്പൂരില്‍ പരിശീലനം നല്‍കുക. പ്രഥമ ബാച്ചില്‍ കണ്ണൂര്‍, കാസര്‍കോട്് ജില്ലകളിലുള്ള 80 പേരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഈ മാസം 31 വരെ വൈകിട്ട് ആറു മുതല്‍ പരിശീലനം നടക്കും. തുടര്‍ന്നുള്ള ആഴ്ചകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പകല്‍ സമയങ്ങളിലാണ് ക്യാംപ്് തുടരുക. ഇവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാര്‍ക്ക് വിദേശത്ത് പരിശീലനം നേടുന്നതിനും അവസരമൊരുക്കുന്നുണ്ട്. പത്ത്് രാഷ്്്ട്രങ്ങളിലാണ് ഇപ്പോള്‍ ഇത്തരത്തില്‍ പരിശീലനം നല്‍കി വരുന്നത്. രാജ്യത്തിനുവേണ്ടി ഫുട്‌ബോള്‍ രംഗത്ത് ഭാവി വാഗ്ദാനങ്ങളെ വളര്‍ത്തിക്കൊണ്ടുവരുക എന്ന മുഖ്യ ലക്ഷ്യത്തോടെയാണ് രാജ്യാന്തര നിലവാരമുള്ള ഫുട്‌ബോള്‍ അക്കാദമിക്ക് മലബാറില്‍ നിന്നു തന്നെ തുടക്കം കുറിക്കുന്നത്്. ഈ ആഴ്ച തൃക്കരിപ്പൂര്‍ നടക്കാവ് സിന്തറ്റിക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം എം രാജഗോപാലന്‍ എംഎല്‍എ ചെയ്യും. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി അനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇതു സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ വി വി അബ്ദുല്ല ഹാജി, വി സി ഉമ്മര്‍ശരീഫ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it