palakkad local

സംസ്ഥാനത്തെ ആദ്യ അനിമല്‍ സയന്‍സ് മ്യൂസിയം കടലാസിലൊതുങ്ങി

പാലക്കാട്: മലമ്പുഴയില്‍ നിര്‍മിക്കാനുദേശിച്ച സംസ്ഥാനത്തെ ആദ്യത്തെ അനിമല്‍ സയന്‍സ് മ്യൂസിയം കടലാസിലൊതുങ്ങി. മലമ്പുഴ ഉദ്യാനത്തില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തായി മന്തക്കാടിനു സമീപത്താണ് സംസ്ഥാനത്തെ തന്നെ ആദ്യത്തെ അനിമല്‍ സയന്‍സ് മ്യൂസിയം ഒരുങ്ങുന്നത്.
മൃഗങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവ് പൊതുജനങ്ങള്‍ക്ക് പകരുകയെന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലന കേന്ദ്രത്തിനു സമീപത്തുള്ള 1.6 ഏക്കര്‍ സ്ഥലത്താണ് അനിമല്‍ സയന്‍സ് മ്യൂസിയം നിര്‍മിക്കാനുദ്ദേശിച്ചത്. മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ ഒരു കോടിയോളം രൂപ ചെലവില്‍ നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. മ്യൂസിയം നിര്‍മാണത്തിനായി കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയെങ്കിലും മുമ്പ് 30 ലക്ഷം രൂപ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുകയും ചെയ്തു. സംസ്ഥാനത്ത് കന്നുകാലി സമ്പത്ത് ഏറ്റവും കൂടുതലുള്ള ജില്ലയെന്ന ഖ്യാതി പാലക്കാടിനുയുള്ളതിനാലാണ് അനിമല്‍ മ്യൂസിയം പാലക്കാടു തന്നെയൊരുക്കാന്‍ പദ്ധതിയിട്ടത്. മലമ്പുഴ ഉദ്യാനത്തിനും ഫാന്റസി പാര്‍ക്കിനു സമീപത്തായതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശനം ഏറെ സൗകര്യമാവും.
ആനകളെക്കുറിച്ചുള്ള അറിവു നല്‍കുന്ന എലിഫന്റ് ഗാലറി, വംശനാശം സംഭവിച്ച പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങളും വിവരണങ്ങള്‍ക്കും പുറമെ കര്‍ഷകര്‍ക്കുള്ള നിര്‍ദേശങ്ങളും മ്യൂസിയത്തിലുണ്ടാവും. വളര്‍ത്തു മൃഗങ്ങളുടെ പ്രദര്‍ശനത്തിനു പുറമെ വന്യ മൃഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും ഗാലറിയില്‍ ഒരുങ്ങുന്നുണ്ട്.
മ്യൂസിയത്തിനകത്ത് പ്രദര്‍ശന ഹാള്‍, ലൈബ്രറി, ഗാലറി, തിയറ്റര്‍, പ്രൊജക്റ്റര്‍ മുറി, പ്ലാനറ്റേറിയം, ഓഫിസ്, കാന്റീന്‍, സന്ദര്‍ശകര്‍ക്കുള്ള വിശ്രമമുറി എന്നിവ രണ്ടു നിലകളിലായി സജ്ജീകരിക്കാനായിരുന്നു പദ്ധതി.
ദേശീയ നിലവാരം പുലര്‍ത്തുന്ന ലാബ്, പഠനകേന്ദ്രം എന്നിവയും മ്യൂസിയത്തിലുണ്ടാവും.
കൂടാതെ മൃഗങ്ങളെ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ ആധുനികവും പരമ്പരാഗതവുമായ ഉപകരണങ്ങളും കര്‍ഷിക ഉപകരണങ്ങളും വളര്‍ത്തു മൃഗങ്ങളെക്കുറിച്ചും മൃഗപരിപാലനത്തെക്കുറിച്ചുള്ള വിവിധ പുസ്തകങ്ങള്‍, സിഡികള്‍ എന്നിവയും മ്യൂസിയത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ലഭ്യമാവും. പ്രദര്‍ശനത്തിനെത്തുന്നവരെ കൂടാതെ കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ബോധവല്‍ക്കരണ പരിപാടികളും മ്യൂസിയത്തിനകത്ത് സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്തെ തന്നെ ആദ്യത്തെ അനിമല്‍ സയന്‍യ് മ്യൂസിയം മലമ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ പദ്ധതിയുടെ പ്രഖ്യാപനം നടന്നിട്ട് ഒരു വര്‍ഷം കഴിയുമ്പോഴും സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ യാഥാര്‍ത്ഥ്യമാവേണ്ട ആദ്യ അനിമല്‍ സയന്‍യ് മ്യൂസിയം കടലാസിലൊതുങ്ങിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it