Flash News

സംസ്ഥാനത്തു കാലവര്‍ഷം ശക്തിപ്പെട്ടു



തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. നാളെ രാവിലെ വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ കേരളത്തിലും ലക്ഷദ്വീപിലും വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴയും കാറ്റും തുടരുമെന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. തീരദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗത്തില്‍ പടിഞ്ഞാറന്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. കേരളത്തില്‍ ഇന്നലെ മിക്കയിടത്തും മഴ ലഭിച്ചു. പെരുമ്പാവൂരും മാവേലിക്കരയുമാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. രണ്ടിടങ്ങളിലും അഞ്ചു സെന്റിമീറ്റര്‍ വീതം മഴ ലഭിച്ചു. തിരുവനന്തപുരം എയര്‍പോര്‍ട്ട്, ചേര്‍ത്തല എന്നിവിടങ്ങളില്‍ നാലും തിരുവനന്തപുരം സിറ്റി, കുഡുലു, മണ്ണാര്‍ക്കാട്, വൈക്കം, കോന്നി എന്നിവിടങ്ങളില്‍ മൂന്നു സെന്റിമീറ്ററുമാണ് മഴ പെയ്തത്. തളിപ്പറമ്പ്, സിയാല്‍, എറണാകുളം സൗത്ത്, പിറവം, ചെങ്ങന്നൂര്‍, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളില്‍ രണ്ടു സെന്റിമീറ്റര്‍ വീതവും കോഴിക്കോട്, കൊച്ചി എയര്‍പോര്‍ട്ട്, ആലപ്പുഴ, ഹൊസ്ദുര്‍ഗ്, കൊല്ലങ്ങോട്, തൃത്താല, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍, വടക്കാഞ്ചേരി, വെള്ളാനിക്കര, പീരുമേട്, കുരുടാമണ്ണില്‍, ആര്യങ്കാവ്, പുനലൂര്‍, നെടുമങ്ങാട്, വര്‍ക്കല എന്നിവിടങ്ങളില്‍ ഒരു സെന്റിമീറ്റര്‍ വീതവും മഴ ലഭിച്ചു.
Next Story

RELATED STORIES

Share it