സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മോശപ്പെട്ടു

എന്‍  എ  ശിഹാബ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മോശമാണെന്ന് സിഎജി (കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍). കഴിഞ്ഞ സാമ്പത്തികവര്‍ഷം ധന കമ്മിയും റവന്യൂ കമ്മിയും കൂടിയെന്ന് ഇന്നലെ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത് വച്ച 2017ലെ സിഎജിയുടെ വാര്‍ഷിക റിപോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തിന്റെ പൊതുകടം 1,89,769 കോടിയിലെത്തി. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ദൈനംദിന കാര്യങ്ങള്‍ക്കായി സംസ്ഥാനം വായ്പ വാങ്ങേണ്ട അവസ്ഥയിലേക്ക് നീങ്ങുമെന്നും റിപോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ മൊത്തം ധനകമ്മി 26,448 കോടി രൂപയാണ്. റവന്യൂ കമ്മി 15,484 കോടിയും. ഇത് തൊട്ടുമുമ്പുള്ള വര്‍ഷത്തെ അപേക്ഷിച്ച് 5,827 കോടിയുടെ വര്‍ധന രേഖപ്പെടുത്തുന്നു. റവന്യൂ വരുമാനം അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. നിലവിലെ ധന കമ്മി മുന്‍ വര്‍ഷത്തേക്കാള്‍ 8,630 കോടി രൂപ കൂടുതലാണ്.
അതേസമയം റവന്യൂ വരവ് 75,612 കോടിയായി ഉയര്‍ന്നിട്ടുണ്ടെങ്കിലും വളര്‍ച്ചാനിരക്ക് 9.53 ശതമാനം മാത്രമാണ്. ഇത് കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണ്. 3,350 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കിയിട്ടും പൊതുകടത്തിന്റെ വളര്‍ച്ചാ നിരക്കും കൂടുതലാണ്. വികസന കാര്യങ്ങള്‍ക്ക് ചെലവാക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ പണമില്ലാത്ത അവസ്ഥ സംജാതമായി. ചെലവിനനുസരിച്ച് കൂടുതല്‍ വരുമാനം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. വരുമാനം കുറവായിട്ടും ചെലവില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ചെലവ് കഴിഞ്ഞ വര്‍ഷം 15.77 ശതമാനം വര്‍ധിച്ച് 91,096 കോടിയിലെത്തി. ഇതോടൊപ്പം പ്രതിശീര്‍ഷ കടവും വര്‍ധിച്ചിട്ടുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ സാമ്പത്തികവര്‍ഷത്തെ കണക്കുകളാണ് സിഎജി റിപോര്‍ട്ടിലുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ലഭിച്ച വായ്പയുടെ 68 ശതമാനവും കടത്തിന്റെ തിരിച്ചടവിനാണ് സംസ്ഥാനം ഉപയോഗിച്ചത്. ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിച്ചു. സംസ്ഥാന വരുമാനത്തിന്റെ നല്ലൊരു പങ്കും പലിശയടക്കാനും പെന്‍ഷന്‍ നല്‍കാനുമാണ് ചെലവിടുന്നത്. ഇത് സംസ്ഥാനത്തെ സംബന്ധിച്ച് ആശങ്കയുളവാക്കുന്നതാണെന്ന് സിഎജി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ കടംവാങ്ങുന്ന പണത്തില്‍ നിന്ന് 32 ശതമാനം മാത്രമാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നത്. ബാക്കി 68 ശതമാനവും നേരത്തെയുള്ള കടങ്ങള്‍ തിരിച്ചടയ്ക്കാനാണ് വിനിയോഗിക്കുന്നത്.
കൂടുതല്‍ കടം വാങ്ങുന്നതോടെ ഈ പരിമിതി വര്‍ധിക്കുമെന്നും റിപോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്തിന്റെ റവന്യൂ കമ്മി വര്‍ധനയില്‍ നിയന്ത്രണം വേണമെന്നും സിഎജി റിപോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം സംസ്ഥാനത്തെ 26 സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകളുടെ ഓഡിറ്റ് ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് നിയമപ്രകാരം നടത്തേണ്ടതുണ്ടെങ്കിലും 10ഓളം സ്ഥാപനങ്ങള്‍ കഴിഞ്ഞ ആറുവര്‍ഷമായി കണക്കുകള്‍ കൈമാറിയിട്ടില്ലെന്നും സിഎജി കുറ്റപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it