സംസ്ഥാനത്തിന്റെ വികസനം: മന്ത്രിതലസംഘം ഡല്‍ഹിയില്‍

തിരുവനന്തപുരം: കേരളത്തിന്റെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം ഡല്‍ഹിയില്‍. ഇന്നലെ രാത്രിയോടെയാണ് സംഘം ഡല്‍ഹിയിലേക്കു തിരിച്ചത്. ഇന്നു മുതല്‍ മൂന്നു ദിവസമാണ് സംഘം ഡല്‍ഹിയിലുണ്ടാവുക. നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് കേന്ദ്രത്തോട് സംഘം ആവശ്യപ്പെടും.
കേന്ദ്ര ജലകമ്മീഷന്റെ നിര്‍ദേശങ്ങള്‍ തമിഴ്‌നാട് ലംഘിച്ച സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് കേന്ദ്രം മുന്‍കൈയെടുത്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നാവും സംഘം ആവശ്യപ്പെടുക. സംസ്ഥാനത്തെ ഡിജിപിമാരുടെ കാഡര്‍ തസ്തിക ഉയര്‍ത്തുന്ന കാര്യവും സംഘം ഉന്നയിക്കും. ഡിജിപിമാരുടെ കാഡര്‍ തസ്തികകളുടെ എണ്ണം രണ്ടില്‍നിന്ന് ആറാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. ഡിജിപിമാരുടെ കാഡര്‍ തസ്തിക രണ്ടില്‍നിന്ന് നാലാക്കണമെന്നായിരുന്നു ആദ്യം കേരളത്തിന്റെ ആവശ്യം. അത് അംഗീകരിക്കാതെ വന്നപ്പോള്‍ മൂന്നാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയില്ല. ഈ സാഹചര്യത്തില്‍ ആവശ്യം വീണ്ടും ഉന്നയിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. ഇന്നു കേരളത്തിലെ മുഴുവന്‍ എംപിമാരുടെയും യോഗം ഡല്‍ഹിയില്‍ വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരള വികസനത്തിന് പ്രഥമ പരിഗണന നല്‍കേണ്ട കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. നാളെ കേരളത്തിന്റെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തും. 10ന് കേരളത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രിമാരുമായി ചര്‍ച്ച നടത്തും. കേരളത്തിലെ റബര്‍ സംഭരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മന്ത്രിതലസംഘം കേന്ദ്രത്തെ ബോധ്യപ്പെടുത്തും. കേന്ദ്രത്തിന്റെ അഗ്രികള്‍ച്ചറല്‍ വിലസ്ഥിരതാ ഫണ്ടില്‍നിന്നു സഹായവും തേടും.
Next Story

RELATED STORIES

Share it