സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം 50% ആക്കണം

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍ ഏകീകരിക്കണമെന്ന് 15ാം ധനകാര്യ കമ്മീഷനുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വരുമാനം പങ്കുവയ്ക്കല്‍ 42 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തണം. വിവിധ മേഖലകള്‍ക്കുള്ള ഗ്രാന്റിനായി പുതിയ മാനദണ്ഡങ്ങള്‍ പാടില്ല. ബജറ്റില്‍ പറഞ്ഞ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ 5000 കോടി രൂപ കേന്ദ്രസഹായമായി അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നോട്ടുനിരോധനവും ജിഎസ്ടിയും സംസ്ഥാനങ്ങളുടെ വരുമാനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച ധനകാര്യ കമ്മീഷന്റെ തീരുമാനം നിര്‍ണായകമാണ്. കേരളത്തിന് ലഭിക്കുന്ന കേന്ദ്ര നികുതി വിഹിതം കുറഞ്ഞുവരികയാണ്. കേന്ദ്രവിഹിതത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം സംബന്ധിച്ച് ഒരു അടിസ്ഥാന നില രൂപീകരിക്കണം. മേഖലാധിഷ്ഠിത ഗ്രാന്റ്് അനുവദിക്കുന്നത് സംസ്ഥാനങ്ങളുടെ ധനവിനിയോഗ മുന്‍ഗണനയെ പരിമിതപ്പെടുത്തുകയാണ്. അതിനാലാണ് ഏകീകരണം ആവശ്യപ്പെടുന്നത്.
മേഖലാധിഷ്ഠിത ഗ്രാന്റ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ പ്രത്യേക മേഖലകളുടെ ആവശ്യം പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
15ാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങളിലുള്ള കേരളത്തിന്റെ ആശങ്കകളും കേരളത്തിന്റെ ആവശ്യങ്ങളും ഉള്‍ക്കൊള്ളിച്ച വിശദമായ നിവേദനം മുഖ്യമന്ത്രി കമ്മീഷന് നല്‍കി. നികുതിവിഹിതം 2.5 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തണമെന്നും 2011ലെ സെന്‍സസ് ആധാരമാക്കി വിഹിതം തീരുമാനിക്കരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ പ്രത്യേക മേഖലകളുടെ ആവശ്യങ്ങളെക്കുറിച്ച് പ്രത്യേക നിവേദനം നല്‍കും.
കേരളത്തിന്റെ ആവശ്യങ്ങള്‍ വളരെ പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍ കെ സിങ് പറഞ്ഞു. ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ മാറ്റാന്‍ കമ്മീഷന് അധികാരമില്ലെങ്കിലും മറിച്ചുള്ള ശുപാര്‍ശകള്‍ നല്‍കാന്‍ കമ്മീഷന് ഭരണഘടനപ്രകാരമുള്ള അധികാരമുണ്ട്. കേരളത്തിന്റെ വികസനം ഏറെ ആകര്‍ഷിച്ചു. മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കാന്‍ ആഗ്രഹിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ കേരള വികസനത്തില്‍ ചൂണ്ടിക്കാട്ടാനാവും. കേരള മോഡല്‍ വികസനത്തെ ചെയര്‍മാനും അംഗങ്ങളും പ്രകീര്‍ത്തിച്ചു.
Next Story

RELATED STORIES

Share it