സംസ്ഥാനങ്ങളുടെ ധനപ്രതിസന്ധി

സംസ്ഥാനങ്ങളുടെ ധനപ്രതിസന്ധി
X


പിന്നിട്ട 11 വര്‍ഷത്തിനിടയില്‍ 2015-16 ധനകാര്യവര്‍ഷത്തിലാണ് ഇന്ത്യയിലെ 29 സംസ്ഥാനങ്ങളുടെയും ചേര്‍ന്നുള്ള ധനക്കമ്മി അനുവദനീയമായി കരുതപ്പെടുന്ന പരിധിയേക്കാള്‍ മൂന്നുശതമാനത്തിലേറെയായി വര്‍ധിച്ചിരിക്കുന്നത്. ഓരോ സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെയും വലുപ്പമനുസരിച്ചാണ് ധനക്കമ്മിയുടെ ഉപരിപരിധി ബന്ധപ്പെട്ട ധനകാര്യ കമ്മീഷനുകള്‍ നിജപ്പെടുത്തുക. പുതിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍, 2016-17ലെ ബജറ്റില്‍ ധനക്കമ്മിയുടെ പരിധി മൂന്നുശതമാനത്തില്‍ ഒതുക്കിനിര്‍ത്താമെന്ന ലക്ഷ്യം നേടുക അസാധ്യമാവുമെന്നാണ്. ഈ നിഗമനത്തിലെത്തുന്നത് 25 സംസ്ഥാനങ്ങളില്‍ നിന്നും ലഭ്യമായ വിവരങ്ങളുടെ വെളിച്ചത്തിലുമാണ്. കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മിയാണെങ്കില്‍ നടപ്പു ധനകാര്യവര്‍ഷത്തില്‍ ജിഡിപിയുടെ 3.2 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതേസമയം, സംസ്ഥാനങ്ങളുടേത് 2.6 ശതമാനത്തില്‍ അധികമാവില്ലെന്നും കണക്കാക്കപ്പെട്ടിരുന്നു. 2011-12നും 2015-16നും ഇടയ്ക്കാണെങ്കില്‍ ഇത് 2.5 ശതമാനമായിരുന്നു.സംസ്ഥാന ബജറ്റുകളുടെ ഒരു ദശകക്കാലയളവിലെ ധനക്കമ്മി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ മോദി സര്‍ക്കാരിന്റെ മുഖ്യ ധനശാസ്ത്ര ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യന്‍ എത്തിച്ചേരുന്ന നിഗമനം, കേന്ദ്ര-സംസ്ഥാന ധനക്കമ്മി സംബന്ധമായ പുതിയ വിവരങ്ങളില്‍ അത്രകണ്ട് അദ്ഭുതപ്പെടാനൊന്നുമില്ലെന്നാണ്. എന്നാല്‍ ഇതത്ര നിസ്സാരമായി തള്ളിക്കളയാനുമാവില്ല. മാത്രമല്ല, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ രണ്ടു ദശകത്തിനിടയില്‍ നേരിടേണ്ടിവന്ന സാമ്പത്തികപ്രതിസന്ധികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ധനകാര്യ അച്ചടക്കം അനിവാര്യവുമാണ്. 1991ലെ വിദേശവിനിമയ പ്രതിസന്ധിയും 2013ലെ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും ഗുരുതരമായ പ്രതിസന്ധികള്‍ തന്നെയായിരുന്നു. ഇതിന് ഇടയാക്കിയത് സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ പ്രകടമാക്കപ്പെട്ട ഉത്തരവാദിത്തമില്ലായ്മയാണ്.പിന്നിട്ട രണ്ടുവര്‍ഷക്കാലയളവില്‍ നിരവധി സംസ്ഥാന സര്‍ക്കാരുകളുടെ ധനസ്ഥിതിയും ആരോഗ്യവും പ്രതികൂലമായി ബാധിക്കാനിടയായത് മറ്റൊരു കാരണത്താലാണ്. സ്ഥിരമായി കോടികളുടെ നഷ്ടം കുന്നുകൂട്ടിയിരുന്ന ഊര്‍ജവിതരണ കമ്പനികളുടെ കടബാധ്യതകള്‍ മോദി ഭരണകൂടം പുതുതായി തുടക്കം കുറിച്ച 'ഉദയ്' പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കേണ്ടിവന്നു എന്നതാണിത്. ഈ പുതിയ പദ്ധതിയുടെ നടത്തിപ്പിനായി ധനകാര്യ നിക്ഷേപം നാമമാത്രമായിപോലും മുന്നോട്ടുവരുകയുണ്ടായില്ല. അതേയവസരത്തില്‍ തന്നെ ഗതാഗതം, ജലസേചനം, ഊര്‍ജം തുടങ്ങിയ മേഖലകള്‍ക്കായുള്ള മൂലധനനിക്ഷേപ ബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഈ ബാധ്യതയാണെങ്കില്‍ 2011-12ന് ശേഷമുള്ള കാലഘട്ടത്തില്‍ ജിഡിപിയുടെ വര്‍ധനയുടെ തോതിനേക്കാള്‍ ഏറിയനിലയിലാവുകയായിരുന്നു. ഇത്തരം അധികബാധ്യത സ്ഥായിയായ നിലയിലായിരുന്നു എന്നതും സംസ്ഥാനങ്ങളുടെ ധനകാര്യ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. കേന്ദ്ര ബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കുക എന്ന വിചിത്രമായ സ്ഥിതിവിശേഷമാണ് ഇതിലൂടെ ഉടലെടുത്തത്. ഇതിന്റെ പൊടുന്നനെയുള്ള ആഘാതം അനുഭവപ്പെട്ടത് സംസ്ഥാന ജിഡിപി വളര്‍ച്ചാനിരക്കിനു മേല്‍ ആയിരുന്നുവെന്നതും നാം തിരിച്ചറിയണം. അതേസമയം, സംസ്ഥാനങ്ങളുടെ വികസന പദ്ധതികള്‍ നടപ്പാക്കേണ്ടത് ബന്ധപ്പെട്ട സര്‍ക്കാരുകളുടെ ഒരു അനിവാര്യതയായിരുന്നു. ഇത്തരമൊരു പ്രതിസന്ധി മറികടക്കാന്‍ അവര്‍ക്കു മുന്നിലുണ്ടായിരുന്ന ഏകമാര്‍ഗം വിപണി വായ്പകളെ ആശ്രയിക്കുക എന്നതായിരുന്നു. കേന്ദ്രസര്‍ക്കാരിനെപ്പോലെ വരുമാനക്കമ്മി നികത്താന്‍ നോട്ട് അച്ചടിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു സാധ്യമാവില്ലല്ലോ. വിദേശ വായ്പയെയും ആശ്രയിക്കാനാവില്ല. പുതിയ ധനകാര്യ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരുകളുടെ കേന്ദ്രനികുതിയില്‍നിന്നുള്ള വിഹിതം 2015-16 ധനകാര്യവര്‍ഷം മുതല്‍ 32ല്‍ നിന്ന് 42 ശതമാനമായി ഉയര്‍ത്തിയതിനുശേഷവും സംസ്ഥാന ഖജനാവിന്റെ കടക്കെണി ഗുരുതരമായി തുടരുകയാണ്. സാധാരണക്കാരില്‍ നിന്നും യാഥാര്‍ഥ്യം മറച്ചുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത് 10 ശതമാനം നികുതിവിഹിത വര്‍ധനയാണ്. ഈ വര്‍ധന കേന്ദ്രത്തിന്റെ വക വലിയൊരു ഔദാര്യമായാണു ചിത്രീകരിക്കപ്പെടുന്നതെങ്കിലും ഫലത്തില്‍ ഇതുവഴിയുണ്ടാവുന്ന നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഇക്കാര്യം പൊതുജനശ്രദ്ധയില്‍ വേണ്ടവിധത്തില്‍ എത്തുന്നുമില്ല. 10 ശതമാനം വര്‍ധന സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നതോടൊപ്പം സര്‍ചാര്‍ജുകള്‍, സെസ്സുകള്‍, തീരുവകള്‍ തുടങ്ങിയ ഇനങ്ങള്‍ വഴി കേന്ദ്രം അധികവരുമാനം സ്വരൂപിക്കുകയാണ് ചെയ്തുവരുന്നത്. ഇത്തരം അധിക നികുതിവരുമാനം സംസ്ഥാനങ്ങളുമായി പങ്കിടേണ്ട കാര്യവുമില്ല. ഈ വസ്തുത കൂടി കണക്കിലെടുത്താല്‍ കേന്ദ്രസര്‍ക്കാരിന് ഏറ്റെടുക്കേണ്ടിവരുന്ന നികുതിവരുമാന നഷ്ടം 10 ശതമാനമായിരിക്കില്ല. വെറും 7.7 ശതമാനം മാത്രമായിരിക്കും.  ഈ വിധത്തിലുള്ളൊരു പ്രതിസന്ധിക്കിടയിലും സംസ്ഥാനങ്ങള്‍ക്ക് തെല്ലെങ്കിലും ആശ്വാസം നല്‍കുക, പുതുതായി പ്രയോഗത്തിലാവുന്ന ചരക്കുസേവന നികുതിവ്യവസ്ഥ (ജിഎസ്ടിഎസ്) ആയിരിക്കും. നികുതി പങ്കിടല്‍ സംവിധാനത്തില്‍ നിലവിലുള്ള വൈരുധ്യം ഒരു പരിധിവരെ മാത്രമേ ഇതിലൂടെ പരിഹരിക്കപ്പെടുകയുള്ളൂ എന്നത് വേറെ കാര്യം. ജിഎസ്ടിഎസിന്റെ ഗുണദോഷങ്ങള്‍ സംബന്ധമായ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നത് ശരിയായിരിക്കില്ല. ആ പ്രക്രിയക്ക് കുറേക്കൂടി സമയവും ചിന്തയും ആവശ്യമായിവരും. എന്നാല്‍, ഇപ്പോള്‍തന്നെ ശ്രദ്ധ ആവശ്യമായിവരുന്ന മറ്റു ചില പ്രശ്‌നബാധിത മേഖലകള്‍ കൂടിയുണ്ട്. ശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന്റെ ഫലമായി വരുത്തിവയ്ക്കാനുള്ള അധിക ബജറ്ററി ബാധ്യതകള്‍, വിവിധതരം പലിശ ബാധ്യതകള്‍, ബജറ്ററി നിര്‍ദേശങ്ങള്‍ക്കു പുറമെ പൊതുമേഖലാ സ്ഥാപനനഷ്ടം വഴി വന്നുചേരാനിടയുള്ള ബാധ്യതകള്‍- അങ്ങനെ പോകുന്നു ഈ പട്ടിക. ഇതിനിടെ, കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങള്‍ സമഗ്ര പരിശോധനയ്ക്കു വിധേയമാക്കാന്‍ ലക്ഷ്യമിട്ട് നിയോഗിക്കപ്പെട്ടിരിക്കുന്ന എന്‍ കെ സിങ് കമ്മിറ്റിയുടെ ശുപാര്‍ശകളും കണക്കിലെടുക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ധനകാര്യ ഏകീകരണമാണ് ഈ കമ്മിറ്റിയുടെ കേന്ദ്ര പരിഗണനാവിഷയം. ഒറ്റപ്പെട്ട പരിശോധനയും നടപടികളുമല്ല ഇതിലൂടെ പ്രയോഗത്തില്‍വരുക എന്നര്‍ഥം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം കടബാധ്യതകള്‍ കണക്കിലെടുക്കുന്നതോടൊപ്പം മൊത്തം ധനക്കമ്മിയും കട-ജിഡിപി അനുപാതവും കൃത്യമായി തിട്ടപ്പെടുത്തണമെന്നാണ് കമ്മിറ്റിയുടെ ശക്തമായ നിലപാടും ശുപാര്‍ശയും. മൊത്തം കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 2022-23 ധനകാര്യവര്‍ഷമാവുന്നതോടെ, 20 ശതമാനത്തില്‍ പരിമിതപ്പെടുത്തുക തന്നെ വേണം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒരുപോലെ ബാധ്യസ്ഥരാണ്. 2017 മാര്‍ച്ചില്‍ ഏതാനും സംസ്ഥാനങ്ങളുടെ കട-ജിഡിപി അനുപാതം 24 ശതമാനം വരെ ആണെന്നത് ബാധ്യതയില്‍ നിന്നും ഒഴിയാനുള്ള സാഹചര്യമായി ഒരിക്കലും പരിഗണിക്കപ്പെടുന്നതുമല്ല. ബാധ്യത നിറവേറ്റാനുള്ള ഏകമാര്‍ഗം ചെലവുകള്‍ പരമാവധി കുറയ്ക്കുകയും ധനകാര്യ അച്ചടക്കം കൃത്യമായി പാലിക്കുകയും ചെയ്യുക എന്നതാണ്. ഏതായാലും, അപ്പോഴേക്ക് 15ാം ധനകാര്യ കമ്മീഷന്റെ രൂപീകരണവും നിയമനവും നടന്നിട്ടുണ്ടാവും.
Next Story

RELATED STORIES

Share it