Flash News

സംവിധായകന്‍ കെആര്‍ മോഹനന്‍ അന്തരിച്ചു

സംവിധായകന്‍ കെആര്‍ മോഹനന്‍ അന്തരിച്ചു
X


തിരുവനന്തപുരം: ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ കെ ആര്‍ മോഹനന്‍(69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുടല്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ചികില്‍സയിലായിരുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡയറക്റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎസ്എഫ്ഡിസിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം ഇന്ന് ഉച്ചയ്ക്ക് അദ്ദേഹത്തിന്റെ സ്വദേശമായ തൃശൂര്‍ ചാവക്കാട് സംസ്‌ക്കരിക്കും.
അശ്വത്ഥാമാ, പുരുഷാര്‍ഥം, സ്വരൂപം എന്നിവയാണ് കെആര്‍മോഹനന്റെ ചിത്രങ്ങള്‍. ചുരുക്കം സിനിമകള്‍ മാത്രമെ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയുള്ളൂവെങ്കിലും അവയെല്ലാം സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയായിരുന്നു. മലയാളത്തിലെ സമാന്തര സിനിമകളുടെ വക്താവായാണ് അദ്ദേഹം അറിയപ്പെടുന്നത്. എഴുപതുകളില്‍ പുത്തന്‍പ്രമേയങ്ങളും പരീക്ഷണങ്ങളുമായെത്തിയ നവസിനിമയുടെ അമരക്കാരിലൊരാളായിരുന്നു മോഹനന്‍. രണ്ടുതവണ മികച്ചചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1975ല്‍ മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിന്റെ അടിസ്ഥാനപ്പെടുത്തി ആദ്യചിത്രം അശ്വത്ഥാമാ സംവിധാനം ചെയ്തു. ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം അശ്വത്ഥാമാ നേടി. സി വി ശ്രീരാമന്റെ ചെറുകഥയെ അധികരിച്ച് 1987ല്‍ സംവിധാനം ചെയ്ത പുരുഷാര്‍ഥമാണ് രണ്ടാമത്തെ ചിത്രം. ഇതും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കി.
അന്താരാഷ്ട്രാ ചലച്ചിത്ര മേളയെ ജനകീയമാക്കുന്നതില്‍ മോഹനന്റെ പങ്ക് നിര്‍ണ്ണായകമാണ്. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് അന്താരാഷ്ട്രാ ഹ്രസ്വചലച്ചിത്ര മേള തുടങ്ങുന്നത് കെആര്‍ മോഹനന്‍ അക്കാദമി ചെയര്‍മാനായ 2008ലാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ചിറങ്ങിയ അദ്ദേഹം തൃശൂര്‍ ചാവക്കാട് സ്വദേശിയാണ്. ഭാര്യ രാഗിണി നേരത്തെ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it