Flash News

സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു



മുംബൈ: പ്രമുഖ ബോളിവുഡ് സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം. ഇരുണ്ട ഹാസ്യം നിറഞ്ഞുനില്‍ക്കുന്ന ജാനേ ഭി ദോ യാരോ, കഭി ഹാന്‍ കഭി നാ എന്നിവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. 1947 ഒക്ടോബര്‍ 19ന് ജനിച്ച ഷാ സിനിമാ സംവിധാനം പഠിച്ചത് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലാണ്. 1983ല്‍ പുറത്തിറങ്ങിയ ജാനെ ഭി ദോ യാരോ ആണ് അദ്യ ചിത്രം. നസറുദ്ദീന്‍ ഷാ, രവി ബസ്വാനി, ഓംപുരി, പങ്കജ് കപൂര്‍, സതീഷ് ഷാ, സതീഷ് കൗശിക്, ഭക്തി ബാര്‍വെ, നീന ഗുപ്ത തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം ബോക്‌സ് ഓഫിസില്‍ പരാജയമായിരുന്നുവെങ്കിലും അത് ബോളിവുഡില്‍ പ്രത്യേക പദവി നേടിയെടുത്തു. ഏറ്റവും മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരം കുന്ദന് നേടിക്കൊടുത്തത് ഈ ചിത്രമാണ്. ഇന്ത്യന്‍ സിനിമയിലെ മികച്ച ആക്ഷേപഹാസ്യ ചിത്രങ്ങളില്‍ ഒന്നാണിത്. 1993ല്‍ പുറത്തിറങ്ങിയ കഭി ഹാന്‍ കഭി ന, ഷാരൂഖ് ഖാന്റെ അഭിനയംകൊണ്ട് ശ്രദ്ധേയമായ ചിത്രമാണ്. 2000ത്തില്‍ പുറത്തിറങ്ങിയ കാം കെഹ്‌ന ബോക്‌സ് ഓഫിസില്‍ വന്‍ വിജയമായിരുന്നു. പ്രീതിസിന്റയെ ബോളിവുഡില്‍ കാലുറപ്പിക്കാന്‍ സഹായിച്ചത് ഈ ചിത്രമാണ്. പിന്നീട് നിരവധി ചിത്രങ്ങള്‍ ഷാ സംവിധാനം ചെയ്‌തെങ്കിലും സാമ്പത്തികമായി അവയൊന്നും വിജയിച്ചില്ല. ഒട്ടേറെ ടെലിവിഷന്‍ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഷായുടെ ആകസ്മിക നിര്യാണത്തില്‍ ബോളിവുഡിലെ പ്രമുഖര്‍ അനുശോചിച്ചു. സമാന്തര സിനിമകള്‍ക്ക് വേണ്ടി യത്‌നിച്ച ധീരനായിരുന്നു ഷാ എന്ന് സംവിധായകന്‍ മഹേഷ് ഭട്ട് പറഞ്ഞു.
Next Story

RELATED STORIES

Share it