സംവരണ മണ്ഡലം വീതംവയ്പ്; കോണ്‍ഗ്രസ്സില്‍ അസംതൃപ്തി

ചെന്നൈ: വോട്ടെടുപ്പിന് ഒരു മാസം ബാക്കിനില്‍ക്കെ സംവരണ മണ്ഡലങ്ങളെ ചൊല്ലി കോണ്‍ഗ്രസ്സില്‍ അസ്വാരസ്യം. ഡിഎംകെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിന് സംവരണ മണ്ഡലങ്ങള്‍ അനുവദിച്ചതില്‍ നീതി ലഭിച്ചില്ലെന്നു കാട്ടിയാണ് കോണ്‍ഗ്രസ്സിലെ ദലിത് നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തിയത്. ചില നേതാക്കള്‍ പാര്‍ട്ടി വിടുന്നതിനും ആലോചിക്കുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.
ഇത്തവണ നാല് സംവരണ മണ്ഡലങ്ങള്‍ മാത്രമാണ് ഡിഎംകെ കോണ്‍ഗ്രസ്സിനു നല്‍കിയത്. കഴിഞ്ഞതവണ 13 എണ്ണം അനുവദിച്ചിരുന്നു. തമിഴ്‌നാട് നിയമസഭയില്‍ 63 മണ്ഡലങ്ങള്‍ പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കായി നീക്കിവച്ചതാണ്. ഇതില്‍ എട്ട് മണ്ഡലങ്ങളെങ്കിലും കോണ്‍ഗ്രസ്സിനു ലഭിക്കണമെന്നാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ ആവശ്യം. എന്നാല്‍, ഡിഎംകെ മല്‍സരിക്കുന്ന എല്ലാ സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ ഇനി സീറ്റ് കോണ്‍ഗ്രസ്സിനു വിട്ടുനല്‍കുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ഷോലിങ്കൂര്‍ മണ്ഡലം ഡിഎംകെ കോണ്‍ഗ്രസ്സിനു വിട്ടുനല്‍കണമെന്ന് പാര്‍ട്ടിയിലെ ദലിത് നേതാക്കള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ജി കെ വാസന്റെ ടിഎംസി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന മുനിരത്‌നത്തെ ഈ മണ്ഡലത്തില്‍ മല്‍സരിപ്പിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
നാല് സംവരണ മണ്ഡലങ്ങള്‍ മാത്രം ലഭിച്ച കോണ്‍ഗ്രസ് അത് വീതംവയ്ക്കാനാവാതെ കുഴയുകയാണ്. സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ദലിതുകള്‍ക്ക് ഭൂരിപക്ഷമുള്ള തെക്കന്‍ തമിഴ്‌നാട്ടിലെ 14 ജില്ലകളില്‍ ദലിത് നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ദലിത് വിഭാഗമായ ദേവേന്ദ്രകുല വേലാളര്‍ വിഭാഗത്തിന് ഒരു സീറ്റ് പോലും ലഭിക്കാത്തതിനു പിന്നില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇ വി കെ എസ് ഇളങ്കോവന്റെ ഇടപെടലാണെന്ന് ആരോപണമുണ്ട്. ദേവേന്ദ്രകുല വേലാളര്‍ വിഭാഗത്തെ അവഗണിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്നു വിലയിരുത്തുന്ന നേതാക്കളും നിരവധിയാണ്.
ദലിതുകളെ പാര്‍ട്ടിയുമായി അടുപ്പിക്കാനും നേതൃതലത്തില്‍ സമുദായംഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ശ്രമം നടത്തുമ്പോഴാണ് പുതിയ പ്രതിസന്ധി. രാഹുലിന്റെ വിശ്വസ്തന്‍ കെ രാജു നേതൃത്വം നല്‍കുന്ന എഐസിസിയുടെ പട്ടികജാതി വിഭാഗം ദലിതുകള്‍ക്ക് പാര്‍ട്ടിയുടെ എല്ലാ തലത്തിലും പ്രാതിനിധ്യം നല്‍കുന്നതിനു വേണ്ട നടപടികള്‍ക്കു തുടക്കമിടുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍ മുതല്‍ പാര്‍ലമെന്റംഗം വരെയുള്ള തലങ്ങളില്‍ ദലിതുകള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്നാണ് ഇവര്‍ പറയുന്നത്. വിഷയം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള എഐസിസി സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it