സംവരണ പ്രക്ഷോഭം: ഹര്‍ദിക് പട്ടേലിന്റെ മൂന്ന് കൂട്ടാളികള്‍ക്ക് ജാമ്യം

അഹ്മദാബാദ്: സംവരണ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ ഹര്‍ദിക് പട്ടേലിന്റെ മൂന്നു സഹപ്രവര്‍ത്തകര്‍ക്കു ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ക്രമസമാധാനം തകര്‍ക്കുന്ന നടപടി ഉണ്ടാവില്ലെന്ന് അവര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രാജ്യദ്രോഹക്കേസ് ചുമത്തിയാണ് അവരെ തടവിലാക്കിയിരുന്നത്.
ദിനേശ് പട്ടേല്‍, കെടാന്‍ പട്ടേല്‍, ചിരാഗ് പട്ടേല്‍ എന്നിവര്‍ക്കാണ് ജസ്റ്റിസ് എ ജെ ദേശായി ജാമ്യമനുവദിച്ചത്.
ആറുമാസക്കാലത്തേക്കു സ്വന്തം ജില്ല വിട്ടുപോവരുതെന്നു കോടതി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ജാമ്യത്തുകയായി 25,000 രൂപ കെട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടു.ഇപ്പോള്‍ സമര്‍പ്പിച്ചതുപോലുള്ള രേഖാമൂലമുള്ള ഉറപ്പ് കീഴ്‌ക്കോടതിയിലും സമര്‍പ്പിച്ചിരുന്നു.എന്നാല്‍ കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചില്ല. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഹര്‍ദിക് പട്ടേലിനെയും മറ്റു മൂന്നുപേരെയും ക്രിമിനല്‍ ഗൂഢാലോചനക്കുറ്റവും രാജ്യദ്രോഹക്കുറ്റവും ചുമത്തി സബര്‍മതി സെന്‍ട്രല്‍ ജയിലിലടച്ചത്.
പട്ടേല്‍ സമുദായത്തിനു സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭം ഗുജറാത്ത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
Next Story

RELATED STORIES

Share it