Flash News

സംവരണ അട്ടിമറിക്ക് നീക്കം

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സംവരണ വിഭാഗങ്ങള്‍ക്കായി നീക്കിവച്ച അധ്യാപക തസ്തികയിലെ നിയമനം അട്ടിമറിക്കാന്‍ നീക്കം. ജര്‍മന്‍ വിഭാഗത്തിലെ അസി. പ്രഫസര്‍ തസ്തികയിലേക്കുള്ള പ്രവേശന നടപടികള്‍ തടസ്സപ്പെടുത്തി സംവരണവിഭാഗങ്ങളുടെ പ്രവേശനം തടിയിടാനുള്ള നീക്കമാണ് സംവരണവിരുദ്ധ ലോബി തുടങ്ങിയത്. ഈ വിഭാഗത്തില്‍  മുസ്‌ലിം, ലത്തീന്‍ കത്തോലിക്ക വിഭാഗങ്ങളുടെ ഒഴിവിലേക്കുള്ള സൂക്ഷ്മ പരിശോധന കഴിഞ്ഞ വ്യാഴാഴ്ച നിശ്ചയിച്ചിരുന്നു. ഇതിനായി ചുമതലപ്പെടുത്തിയ വ്യക്തി ചെന്നൈയില്‍നിന്നും എത്തിയപ്പോള്‍ വകുപ്പ് മേധാവിയും ഡീനുമടക്കം മുന്നറിയിപ്പൊന്നുമില്ലാതെ പരിശോധനയില്‍നിന്നു വിട്ടുനിന്നു. ഇതോടെ സൂക്ഷ്മപരിശോധന മുടങ്ങി. യൂനിവേഴ്‌സിറ്റിയിലെ അധ്യാപക തസ്തികകളിലേക്കെല്ലാം ഒരുമിച്ച് സംവരണം നടപ്പാക്കിക്കൊണ്ടുള്ള ആദ്യ നിയമന ഉത്തരവാണ് കഴിഞ്ഞ വര്‍ഷം അവസാനം അധ്യാപക നിയമനത്തിനായി കേരള യൂനിവേഴ്‌സിറ്റി പുറത്തിറക്കിയത്. ഇതിന്റെ അപേക്ഷകള്‍ സ്വീകരിച്ച ശേഷം ആദ്യ പടിയായി സൂക്ഷ്മ പരിശോധന തുടങ്ങാന്‍ യൂനിവേഴ്‌സിറ്റി തീരുമാനിച്ചു. ഒരധ്യാപകന്‍ പോലും ഇപ്പോഴില്ലാത്ത ജര്‍മന്‍ വിഭാഗത്തിലേക്കായിരുന്നു ആദ്യ പരിശോധന. ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിനും മുസ്്‌ലിം വിഭാഗത്തിനുമായി സംവരണം ചെയ്തതാണ് ജര്‍മന്‍ വിഭാഗത്തിലെ ഒഴിവ്. വകുപ്പ് മേധാവിയും ഡീനും പുറത്തുനിന്നുള്ള വിഷയ വിദഗ്ധനും അടങ്ങുന്നതാണ് പരിശോധനാ സമിതി. വ്യാഴാഴ്ച സൂക്ഷ്മ പരിശോധനയ്ക്ക് തിയ്യതി നിശ്ചയിച്ചു. ചെന്നൈ ഐഐടിയില്‍ നിന്നുള്ള മിലിന്ദ് ബ്രഹ്്മയെ പുറത്തുനിന്നുള്ള വിദഗ്ധനായി വിളിക്കുകയും ചെയ്തു. എന്നാല്‍, വകുപ്പ് മേധാവി കൃഷ്ണകുമാറും ഡീന്‍ ഹരിഹരനും വരാത്തതോടെ സൂക്ഷ്മ പരിശോധന നടന്നില്ല. സംവരണാടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിനായി വിജ്ഞാപനം ഇറക്കിയത് മുതല്‍ നിയമനം അട്ടിമറിക്കാന്‍ സംവരണ വിരുദ്ധ ലോബി ശ്രമിക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. സൂക്ഷ്മ പരിശോധനയില്‍ നിന്ന് അധ്യാപകര്‍ മാറിനിന്നത് ഈ ലോബിയുടെ സമ്മര്‍ദംമൂലമാണെന്ന് ആരോപണമുണ്ട്. അതേസമയം, സൂക്ഷ്മ പരിശോധനയില്‍ നിന്ന് കാരണമറിയിക്കാതെ മാറി നിന്ന അധ്യാപകരില്‍ നിന്ന് വിശദീകരണം തേടാനാണ് യൂനിവേഴ്‌സിറ്റിയുടെ തീരുമാനം.
Next Story

RELATED STORIES

Share it