സംവരണനയത്തില്‍ മാറ്റം വരുത്തില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ സംവരണനയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇതുസംബന്ധിച്ച് ചിലര്‍ തെറ്റിദ്ധാരണ പടര്‍ത്തുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാ ശില്‍പി ഡോ. അംബേദ്കറുടെ പേരിലുള്ള ദേശീയ സ്മാരകത്തിന്റെ ശിലാസ്ഥാപനച്ചടങ്ങിനുശേഷം ആറാമത് അംബേദ്കര്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണഘടനയിലൂടെ അംബേദ്കര്‍ രാജ്യത്തെ ഏകോപിപ്പിച്ചു. എന്നാല്‍, രാജ്യത്തെ രാഷ്ട്രീയമായി ഏകോപിപ്പിച്ചത് സര്‍ദാര്‍ പട്ടേലായിരുന്നു. സ്ത്രീകളുടെ തുല്യാവകാശത്തിനായി വാദിച്ച അംബേദ്കറുടെ സംഭാവനകള്‍ ദലിതുകളിലോ ഇന്ത്യയില്‍ തന്നെയോ ഒതുങ്ങുന്നതല്ല. അനീതിക്കിരയായ ആര്‍ക്കുവേണ്ടിയും അദ്ദേഹം ശബ്ദമുയര്‍ത്തി. അതിനാല്‍ അമേരിക്കയിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിങിനു സമാനമായ അന്താരാഷ്ട്രപ്രാധാന്യം അംബേദ്കര്‍ക്കുണ്ട്.
ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുന്നതില്‍ പങ്കുവഹിച്ച അദ്ദേഹം ദലിത് തൊഴിലാളികളുടെ മാത്രമല്ല, മുഴുവന്‍ തൊഴിലാളികളുടെയും മിശിഹായാണ്. തലസ്ഥാനത്തെ ഏറ്റവും മികച്ച കെട്ടിടങ്ങളില്‍ ഒന്നായിരിക്കും അംബേദ്കര്‍ സ്മാരക മന്ദിരം. 2018ല്‍ അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14നു താന്‍ തന്നെ അത് ഉദ്ഘാടനം ചെയ്യുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it