thiruvananthapuram local

സംവരണം; സുപ്രിംകോടതി നിലപാട് സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗം-മെക്ക

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ മുഴുവന്‍ സംവരണവും അവസാനിപ്പിക്കണമെന്ന സുപ്രിം കോടതിയുടെ ആവശ്യം സവര്‍ണ താല്‍പ്പര്യവും സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗവുമാണെന്ന് മെക്ക ഭാരവാഹികള്‍ ആരോപിച്ചു. നിയമനിര്‍മാണ സഭകളുടെ അധികാരത്തിലേക്കുള്ള ജുഡീഷ്യറിയുടെ കടന്നു കയറ്റമാണ് സുപ്രിം കോടതി നിര്‍ദേശം.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയടക്കമുള്ള കോഴ്‌സുകളിലേക്ക് സംവരണമേര്‍പ്പെടുത്തിയിട്ട് ആറുവര്‍ഷം പോലും കഴിഞ്ഞിട്ടില്ലെന്നിരിക്കെ സംവരണത്തിന്റെ പേരില്‍ ദുഖിക്കുന്ന ജഡ്ജിമാരുടെ മനസിലിരിപ്പ് ബ്രാഹ്മണാധിപത്യത്തിന്റെയും പിന്നാക്ക-ദലിത് വിരോധത്തിന്റെയും നേര്‍ക്കാഴ്ചയാണ്. മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 27 ശതമാനം ഉന്നതവിദ്യാഭ്യാസ സംവരണം കേന്ദ്ര സ്ഥാപനങ്ങളില്‍ നടപ്പാക്കാനാരംഭിച്ചത് തന്നെ 2009-10 അധ്യയന വര്‍ഷം മുതലാണ്. . മെറിറ്റും മിനിമം യോഗ്യതയുമില്ലാത്ത ഒരാള്‍ക്കുപോലും ഉന്നതവിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ ആറു വര്‍ഷവും പ്രവേശനം ലഭിച്ചിട്ടില്ല. ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്‌നവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള മുഴുവന്‍ സ്ഥിതിവിവര കണക്കുകളും വ്യക്തമാക്കുന്നത് സംവരണാനുകൂല്യം ലഭിച്ചവരെല്ലാം തന്നെ നിശ്ചയിച്ചിരുന്ന മിനിമം മാര്‍ക്കിനേക്കാള്‍ കൂടുതല്‍ കരസ്ഥമാക്കിയവരാണെന്നാണ്. ഈ സാഹചര്യത്തില്‍ യഥാര്‍ഥ വസ്തുക്കളുടെയോ സ്ഥിതി വിവരക്കണക്കുകളുടെയോ പിന്‍ബലമില്ലാത്ത സുപ്രിംകോടതിയുടെ ആവശ്യം നിരര്‍ത്ഥകമാണ്. ഏതെങ്കിലും വിദഗ്ധ സമിതിയുടെ പഠനത്തിന്റെയോ പിന്‍ബലമില്ലാതെ സവര്‍ണ ജഡ്ജിമാരുടെ തിണ്ണബലം രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്ക് നേരെ തിരിച്ചുവിടുന്നത് സാമൂഹിക നീതിക്കെതിരേയും മൗലകാവകാശങ്ങളുടെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മെക്ക സംസ്ഥാന പ്രസിഡന്റ് എം അലിയാരുകുട്ടിയും ജനറല്‍ സെക്രട്ടറി എന്‍ കെ അലിയും പ്രസ്താവനയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it