Kerala

സംവരണം രാജ്യത്തിന്റെ വികസനം തകര്‍ക്കുന്നെന്ന് ഗുജറാത്ത് ഹൈക്കോടതി

അഹ്മദാബാദ്: രാജ്യത്തെ തകര്‍ത്തു കളയുകയോ അല്ലെങ്കില്‍ ശരിയായ പാതയിലൂടെ വളരാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്ത രണ്ടു കാര്യങ്ങളാണ് സംവരണവും അഴിമതിയുമെന്ന് ഗുജറാത്ത് ഹേക്കോടതി. സംവരണം ആവശ്യപ്പെട്ടു കൊണ്ട് സമരം നടത്തിയ ഹര്‍ദിക് പട്ടേല്‍ അടക്കമുള്ള പട്ടേല്‍ നേതാക്കള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുമ്പോഴാണ് സംവരണത്തെ അഴിമതിയോട് താരതമ്യപ്പെടുത്തിക്കൊണ്ട് കോടതിയില്‍ നിന്നു നിരീക്ഷണമുണ്ടായത്. സ്വാതന്ത്ര്യം നേടി 65 വര്‍ഷം കഴിഞ്ഞതിന് ശേഷവും സംവരണത്തിനു വേണ്ടി ചോദിക്കുന്നത് നാണക്കേടാണെന്നും ജസ്റ്റിസ് പര്‍ഡിവാല അഭിപ്രായപ്പെട്ടു.
രാജ്യത്തെ തകര്‍ത്തു കളയുകയോ അതല്ലെങ്കില്‍ ശരിയായ പാതയിലൂടെ വളരാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്ത രണ്ട് കാര്യങ്ങളെ കുറിച്ച് ആരെങ്കിലും എന്നോടു ചോദിച്ചാല്‍ ഞാന്‍ പറയും അത് സംവരണവും അഴിമതിയുമാണ്. സ്വാതന്ത്ര്യം നേടി 65 വര്‍ഷം കഴിഞ്ഞിട്ടും സംവരണത്തിന് വേണ്ടി ചോദിക്കുക എന്നത് ഏതൊരു പൗരനെ സംബന്ധിച്ചിടത്തോളവും നാണക്കേടാണ്- ജസ്റ്റിസ് പര്‍ഡിവാല പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിന്റെ വിത്ത് പാകുന്ന രോഗാണുവിന്റെ ജോലിയാണ് സംവരണം നിര്‍വഹിക്കുന്നതെന്നും കോടതി പറഞ്ഞു.
ഹര്‍ദിക് പട്ടേല്‍ അടക്കമുള്ള പട്ടേല്‍ സംവരണ സമര നേതാക്കള്‍ക്കെതിരേ ചുമത്തിയ രാജ്യദ്രോഹം, യുദ്ധം നടത്താനുള്ള ഗൂഢാലോചന എന്നീ വകുപ്പുകള്‍ അംഗീകരിച്ച കോടതി സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യല്‍, വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ശത്രുത പരത്തല്‍ തുടങ്ങിയ വകുപ്പുകള്‍ റദ്ദ് ചെയ്തു. പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചത് യുദ്ധം ചെയ്തതായി കണക്കാക്കാനാവില്ലെന്നും എന്നാല്‍ അത് വലിയ കലാപമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
Next Story

RELATED STORIES

Share it