kasaragod local

സംവരണം അട്ടിമറിക്കപ്പെടുന്നു; അംഗപരിമിതര്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: സര്‍ക്കാര്‍ ജോലികളില്‍ വികലാംഗര്‍ക്കായി അനുവദിച്ച മൂന്നു ശതമാനം സംവരണം നടപ്പിലാക്കുന്നില്ല. വികലാംഗ ഫെഡറേഷന്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. 1995ലാണ് വികലാംഗ സംരക്ഷണ നിയമം നിലവില്‍ വന്നത്.
കേന്ദ്ര സര്‍ക്കാര്‍ മൂന്നരകോടിയോളം വരുന്ന ഇന്ത്യയിലെ വികലാംഗര്‍ക്കായി തയ്യാറാക്കിയ പദ്ധതികളെല്ലാം പാതിവഴിയിലാണ്. 20 കോടി രൂപയുടെ പദ്ധതി വിഭാവനം ചെയ്തുവെങ്കിലും ഒന്നും നടപ്പാക്കാന്‍ ഇരുസര്‍ക്കാറുകളും മുന്നിട്ടിറങ്ങുന്നില്ലെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പല ഫയലുകളും നീങ്ങുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.
15 ലക്ഷത്തോളം വരുന്ന വികലാംഗര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡും സാമൂഹിക നീതി വകുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നുവെങ്കിലും പല ഓഫിസുകളില്‍ നിന്നും അതിന് അംഗീകാരം ലഭിക്കുന്നില്ല. തൊഴിലെടുക്കാന്‍ പറ്റുന്നവര്‍ക്കും പറ്റാത്തവര്‍ക്കുമായി സര്‍ക്കാര്‍ 800 രൂപയും 1100 രൂപയും മാസം പെന്‍ഷന്‍ നല്‍കുന്നുവെങ്കിലും നിത്യജീവിതത്തിന് ഇത് തികയുന്നില്ല.
ഇത് ലഭിക്കുന്നതാകട്ടെ നാലും അഞ്ചും മാസങ്ങള്‍ കൂടുമ്പോഴാണ്. പെന്‍ഷന്‍ 3000 രൂപയാക്കി വികലാംഗരെ സംരക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. സഹകരണ മേഖലകളില്‍ മൂന്നു ശതമാനം തൊഴില്‍ സംവരണം ഏര്‍പെടുത്തിയിട്ടും രാജ്യത്ത് 57,000 ഒഴിവുകള്‍ നികത്താനാവാതെ കിടക്കുകയാണ്.
കോടതി ഉത്തരവുണ്ടായിട്ടും പലര്‍ക്കും നിയമനം ലഭിക്കുന്നില്ല. സഹകരണ ബാങ്കില്‍ വികലാംഗര്‍ക്ക് ഒരു തസ്തിക വീതം അനുവദിച്ചിട്ടും നിയമനം നടത്തുന്നില്ല. വികലാംഗരുടെ പേരില്‍ രാജ്യത്ത് പല തട്ടിപ്പും നടക്കുകയാണ്. തീവണ്ടികളില്‍ തോന്നിയ സ്ഥലത്താണ് കോച്ച് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കാഴ്ചയില്ലാത്ത വികലാംഗരെ വലയ്ക്കുന്നുണ്ട്. കൂടാതെ ഇത്തരം കോച്ചുകളില്‍ മറ്റു സാധാരണക്കാര്‍ കയ്യടക്കുന്നതിനാല്‍ പലരും ജനറല്‍ കോച്ചില്‍ തിങ്ങി ഞെരുങ്ങിപ്പോവേണ്ട അവസ്ഥയുമുണ്ട്. ചില ബസുകളിലും സീറ്റുണ്ടെങ്കിലും വികലംഗര്‍ക്ക് ലഭിക്കുന്നില്ല.
കണ്ണൂരില്‍ വികലാംഗ സൗഹൃദ ജില്ലയാക്കാന്‍ 17 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പദ്ധതിയും ഇഴയുകയാണ്. സംവരണ കാര്യത്തില്‍ വികലാഗരെ തഴയുന്നതിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ വി മോഹനന്‍, ജില്ലാ പ്രസിഡന്റ് എ നാരായണന്‍, ഹസയ്‌നാര്‍ തളങ്കര സംബന്ധിച്ചു.
Next Story

RELATED STORIES

Share it