Editorial

സംരക്ഷണ യജ്ഞം അധ്യാപകര്‍ പൊളിക്കും

എനിക്ക് തോന്നുന്നത് - കെ കെ രവീന്ദ്രന്‍, അമ്പലപ്പുഴ
വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിനു നിരവധി പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മലയാളത്തിളക്കം, ക്ലാസ് റൂം ലൈബ്രറി, ശ്രദ്ധ, നവപ്രഭ കായിക പരിശീലന പരിപാടി, നീന്തല്‍ പരിശീലനം, ജൈവ വൈവിധ്യ പാര്‍ക്ക് തുടങ്ങിയവ അതില്‍ ചിലത് മാത്രം. ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആദ്യഘട്ടത്തില്‍ 141 സ്‌കൂളുകള്‍ ഹൈടെക് ആക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മറ്റു സ്‌കൂളുകള്‍ വരുംവര്‍ഷങ്ങളില്‍ ഹൈടെക് ആക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇതുകൊണ്ടൊക്കെ നിരവധി വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടം തന്നെ.
വിദ്യാലയങ്ങളില്‍ നടക്കുന്ന വികസനവും ബോധനവും കുട്ടികളില്‍ എത്തിക്കേണ്ടത് അധ്യാപകര്‍ വഴിയാണ്. എന്നാല്‍, ഇപ്പോള്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടിയോട് അധ്യാപകര്‍ പുറംതിരിഞ്ഞുനില്‍പാണ്. വേതനം, ലീവ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്കപ്പുറം വേണ്ടത്ര ചുമതലാ ബോധം പ്രകടിപ്പിക്കാന്‍ തയ്യാറല്ലാത്തവരാണ് പൊതുവിദ്യാലയങ്ങളിലെ അധ്യാപകരില്‍ കൂടുതലും.
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സര്‍വീസ് സംഘടനകളുണ്ട്. ബലപ്രയോഗം, ഭീഷണി എന്നിങ്ങനെ ചതുരുപായങ്ങളിലൂടെ അധ്യാപകരില്‍ 80 ശതമാനത്തിലേറെ പ്രാതിനിധ്യം നേടിയ സംഘടനയാണ് സിപിഎം നേതൃത്വത്തിലുള്ള കെഎസ്ടിഎ. ഭരണമുണ്ടായാലും ഇല്ലെങ്കിലും പ്രൗഢഗംഭീരമാണ് അതിന്റെ പ്രവര്‍ത്തനവും സമ്മേളനങ്ങളും മറ്റും. ഈ സംഘടനയിലെ 15-20 ശതമാനം അധ്യാപകരെങ്കിലും പ്രവൃത്തിയില്‍ അധ്യാപകരാണോ എന്നു തോന്നിപ്പോകും. പിരിവിനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം അവര്‍ക്ക് അധ്യാപകരാവാന്‍ എവിടെ സമയം?
സംഘടനയുടെ വാര്‍ഷിക വരിസംഖ്യ ഒരാള്‍ക്ക് 1500 രൂപയാണ്. കൂടാതെ ദേശാഭിമാനി, അധ്യാപക ലോകം, ഡയറി തുടങ്ങിയവ നിര്‍ബന്ധമായും അംഗങ്ങള്‍ വാങ്ങിയിരിക്കണം. സമ്മേളനങ്ങള്‍ക്ക് 2000 മുതല്‍ 4000 രൂപ വരെ തരാതരം പോലെ വാങ്ങുന്നു. സംഘടനയില്‍ അംഗമായി പിരിവ് കൊടുക്കാതിരുന്നാലും കുറച്ചു കൊടുത്താലും പ്രശ്‌നങ്ങളുണ്ടാവും. സ്ഥലംമാറ്റവും മറ്റ് പീഡനങ്ങളും നേരിടണം.
സംഘടനാ നേതാക്കള്‍ സമയത്ത് സ്‌കൂളില്‍ എത്താറില്ല. ക്ലാസില്‍ കാണില്ല. പാഠഭാഗങ്ങള്‍ പഠിപ്പിക്കേണ്ട രീതിയില്‍ പഠിപ്പിക്കാറില്ല. ഡയറക്ടര്‍ മുതല്‍ ഹെഡ്മാസ്റ്റര്‍ വരെയുള്ള മേലധികാരികള്‍ ഈ നേതാക്കളുടെ ഏറാന്‍മൂളികള്‍ മാത്രമാണെന്ന് പറയുന്നതാണ് കൂടുതല്‍ ശരി. ഇതിന് ആരെങ്കിലും എതിരു പറഞ്ഞാല്‍ നാടുകടത്തും. ഒരു സംഘടനയുടെ മാത്രം പ്രശ്‌നമായിരിക്കില്ല ഇത്. എന്നാല്‍, വിദ്യാഭ്യാസരംഗത്ത് പല പരിഷ്‌കാരങ്ങളും വന്നെങ്കിലും പഠനത്തില്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും ഊര്‍ജസ്വലരാക്കാന്‍ പറ്റുന്ന സംവിധാനമല്ല സംസ്ഥാനത്തുള്ളത്. പഠിപ്പിക്കാതെയും പഠിക്കാതെയും ജയിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നതിനാല്‍ ആര്‍ക്കും പരാതിയില്ല. എസ്എസ്എല്‍സി ജയിക്കാന്‍ നേരത്തേ 35 ശതമാനം മാര്‍ക്ക് വേണ്ടിടത്ത് ഇപ്പോള്‍ 30 ശതമാനം മാത്രം മതിയാവും. ഇതില്‍ 20 ശതമാനം മാര്‍ക്ക് തുടര്‍മൂല്യ നിര്‍ണയം എന്ന പേരില്‍ സൗജന്യമായി നല്‍കുന്നു.
ഒന്നിനും കൊള്ളാത്ത, ഒന്നും പഠിക്കാത്ത, സാക്ഷരത പോലും നേടാന്‍ ഉപകരിക്കാത്ത വിദ്യാഭ്യാസത്തെയാണ് പരിപോഷിപ്പിക്കാന്‍ ഗവണ്‍മെന്റ് യജ്ഞം നടത്തുന്നത്. വന്‍തോതില്‍ ഫണ്ട് ചെലവഴിച്ചാണ് വിദ്യാലയങ്ങളില്‍ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്. 50ല്‍ താഴെ കുട്ടികളുള്ള ഗവണ്‍മെന്റ് ഹൈസ്‌കൂളുകള്‍ വരെ ഏഴു കോടി മുതല്‍ പത്തു കോടി വരെ ചെലവു വരുന്ന കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു. അധ്യാപകര്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെങ്കില്‍ ഇതൊക്കെ പാഴ്‌ച്ചെലവാകും.
Next Story

RELATED STORIES

Share it