thrissur local

സംരക്ഷണ ഭിത്തിയില്ലാത്തത് അപകട ഭീഷണിയാവുന്നു

മാള: പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ മങ്കിടി കുണ്ടായി റോഡില്‍ ഫെറോന ദേവാലയത്തിന് സമീപമുള്ള പാലത്തോട് ചേര്‍ന്നുള്ള ഭാഗത്ത്  സംരക്ഷണ ഭിത്തിയില്ലാത്തത് അപകട ഭീഷണിയാകുന്നു. പുത്തന്‍ചിറ പാടശേഖരത്തിന്റെ നടുവിലൂടെയുളള തോടിന്റെ മുകളിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്.
റോഡിന്റെ ഇരുഭാഗത്തും സംരക്ഷണ ഭിത്തിയോ സംരക്ഷണ കുറ്റികളോ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ടാല്‍ താഴ്ച്ചയിലേക്ക് വീഴാന്‍ സാദ്ധ്യതയുണ്ട്. റോഡില്‍ നിന്ന് മൂന്ന് നാല് മീറ്റര്‍ താഴെയാണ് തോടും പാടശേഖരങ്ങളുമുള്ളത്. അതിനാല്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീഴുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയുള്ള അപകടങ്ങള്‍ക്കും സാദ്ധ്യത ഏറെയാണ്. ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ ദിനേന കടന്നുപോകുന്ന പൊതുമരാമത്ത് റോഡിന്റെ ഇരുഭാഗത്തും സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് ഏറെകാലങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
പാലം കഴിഞ്ഞുള്ള വളവില്‍ ഹോളി ഫാമിലി എല്‍ പി സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. തൊട്ടടുത്ത് തന്നെ സര്‍ക്കാര്‍ യു പി സ്‌കൂളുമുണ്ട്.  വീതി കുറഞ്ഞ റോഡില്‍ ഈ ഭാഗത്ത് വലിയ വാഹനങ്ങള്‍  വന്നാല്‍ ചെറുവാഹനങ്ങള്‍ ഒതുക്കി നിര്‍ത്താന്‍ സ്ഥലമില്ലാത്തതിനാല്‍ താഴേക്ക് വീഴാനും സാദ്ധ്യതയുണ്ട്. പാലത്തിനോട് ചേര്‍ന്നുള്ള ഇരു ഭാഗത്തും സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി  സ്വീകരിക്കണമെന്ന് നാട്ടുകാര്‍  ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it