Flash News

സംരക്ഷണ കവചമൊരുക്കി പി കെ ശശി; തലയൂരാനാവാതെ സിപിഎം

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരേ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന എംഎല്‍എ പി കെ ശശി സില്‍ബന്ധികളെ ഒരുക്കിനിര്‍ത്തി ആരോപണങ്ങളെ നേരിടുമ്പോഴും പാര്‍ട്ടിക്ക് ലഭിച്ച പരാതിയില്‍ നിന്നു തലയൂരാനാവാതെ സിപിഎം നേതൃത്വം. പീഡന ആരോപണത്തില്‍ ഇതാദ്യമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരസ്യ പ്രതികരണത്തിനു തയ്യാറായതും സമൂഹമധ്യത്തില്‍ പാര്‍ട്ടി നിലപാട് വിമര്‍ശിക്കപ്പെടുന്നുവെന്നു ബോധ്യപ്പെട്ടതോടെയാണ്. ഇതോടെ, പി കെ ശശി എംഎല്‍എയുടെ നില പരുങ്ങലിലുമായി.
ഇന്നലെ ചെര്‍പ്പുളശ്ശേരിയിലും കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട്ടും തനിക്കെതിരേ നടന്ന പ്രതിഷേധ പ്രകടനത്തെ നേരിടാന്‍ ഡിവൈഎഫ്‌ഐക്കാരെ അണിനിരത്താന്‍ പി കെ ശശി എംഎല്‍എ തയ്യാറായിരുന്നു. ആരോപണത്തെ കമ്മ്യൂണിസ്റ്റ് ആര്‍ജവത്തോടെ നേരിടുമെന്നു വെല്ലുവിളി സ്വരത്തിലായിരുന്നു പ്രതികരണം. എന്നാല്‍, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പി കെ ശശിക്കെതിരേ നടപടിയുണ്ടാവുമെന്ന സൂചനയാണ് നല്‍കുന്നത്. നടപടിയുടെ സ്വഭാവം എന്തെന്നറിയാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് വരുന്നതു വരെ കാത്തിരിക്കേണ്ടി വരും. പി കെ ശ്രീമതി എംപി, മന്ത്രി എ കെ ബാലന്‍ എന്നിവരാണ് പരാതി അന്വേഷിക്കുന്നത്. മന്ത്രി എ കെ ബാലന്‍ 10 മുതല്‍ 14 വരെ പാലക്കാട്ടുണ്ട്. ഈ സമയം പി കെ ശ്രീമതിയും ഇവിടെയെത്തുമെന്നാണ് അറിയുന്നത്.
അതേസമയം, ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അനുനയിപ്പിച്ചു പരാതി പിന്‍വലിപ്പിക്കാനും ശ്രമമാരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണ റിപോര്‍ട്ട് അനുകൂലമാവുമെന്ന പ്രചാരണവും പി കെ ശശി എംഎല്‍എയുടെ തട്ടകമായ മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍ മേഖലയില്‍ പ്രചരിക്കുന്നു. പരാതിക്കാരി പിന്‍വലിഞ്ഞാല്‍, എംഎല്‍എയെ വെള്ളപൂശുന്ന റിപോര്‍ട്ടായിരിക്കും പാര്‍ട്ടിക്ക് മുമ്പാകെ എത്തുക.

Next Story

RELATED STORIES

Share it