malappuram local

സംരക്ഷണമില്ലാതെ കനോലി കനാല്‍; വികസനമില്ലാതെ പൊന്നാനി

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: ചരിത്രപ്രാധാന്യമുള്ള കനോലി കനാലിന്റെ സംരക്ഷണ പദ്ധതികള്‍ ഇതുവരെ നടപ്പായില്ല. കനോലി കനാലിനെ സംരക്ഷുന്നതില്‍ പൊന്നാനി നഗരസഭയും സംസ്ഥാന സര്‍ക്കാറും മൗനം പാലിക്കുകയാണ്. തീരദേശത്തെ സമാന്തര ജലസ്രോതസ്സായ കനോലി കനാല്‍ തിരൂര്‍ പൊന്നാനി പുഴ പോലെ മാലിന്യം നിറഞ്ഞ് നാശത്തിലേക്ക് നീങ്ങുകയാണ്.
പൊന്നാനി, ചാവക്കാട്, അണ്ടത്തോട്, പാലപ്പെട്ടി, തിരൂര്‍, താനൂര്‍ മേഖലകളില്‍ കനാലിലെ വെള്ളം കുറഞ്ഞ് ദുര്‍ഗന്ധം വമിച്ച് തുടങ്ങി. സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ മണ്ണിടിഞ്ഞ് കനാലിന്റെ വീതി വര്‍ഷം തോറും കുറഞ്ഞു വരികയാണ്. 1848ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ് കനോലി കനാല്‍. ഉള്‍നാടന്‍ ജല വികസന പദ്ധതിയുടെ ഭാഗമായി കനോലി കനാല്‍ ആഴം കൂട്ടി ഭിത്തികള്‍ നിര്‍മിക്കുന്ന പദ്ധതിക്ക് 2007ല്‍ തുടക്കമായെങ്കിലും 2008ല്‍ അത് പാതി വഴിയില്‍ നിലക്കുകയും ചെയ്തു. ഇറിഗേഷന്‍ വകുപ്പ് സമര്‍പ്പിച്ച പ്രൊജക്ട് റിപോര്‍ട്ട് ധനകാര്യ വകുപ്പ് പിന്നീട് തള്ളുകയായിരുന്നു. കരാര്‍ തുക കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കരാറുകാരന്‍ നിരവധി തവണ ജലസേചന വകുപ്പിന് അപേക്ഷ നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ നഷ്ടം വന്ന കരാറുകാരന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. നിര്‍മാണ സാമഗ്രികളുടെ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് കരാര്‍ തുക കൂട്ടിനല്‍കാന്‍ കരാറുകാരന്‍ ആവശ്യപ്പെട്ടത്.
വികസനക്കാഴ്ചകളുടെ കണക്കുകള്‍ ജനപ്രതിനിധികള്‍ നിരത്തുന്നുണ്ടെങ്കിലും പൊന്നാനിയില്‍ അടിസ്ഥാനവികസനങ്ങള്‍ ഇനിയും അകലെയാണ്. നാളിതുവരെയായിട്ടും കനോലി കനാല്‍ പാര്‍ശ്വഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാറിനോ ഇക്കാര്യത്തില്‍ ഫലപ്രദമായ സമ്മര്‍ദ്ദം ചെലുത്താന്‍ പൊന്നാനിയിലെ എംഎല്‍എക്കോ കഴിഞ്ഞിട്ടില്ല. കനോലി കനാലിന്റെ സംരക്ഷണത്തിനായി താനൂര്‍ മുതല്‍ പൊന്നാനി അഴിമുഖം വരെ കനാല്‍ വഴി ബോട്ട് സര്‍വീസ് തുടങ്ങി ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.
ഇതിനായി കേരള ബജറ്റ് ഫണ്ടും അനുവദിച്ചിരുന്നു. എന്നാല്‍, പിന്നീടതിന്റെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. സംരക്ഷണഭിത്തി നിര്‍മിക്കുക, മണലെടുപ്പ് നിയന്ത്രിക്കുക, മാലിന്യം തള്ളുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുക, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു സംരക്ഷണത്തിനാവശ്യമായ പദ്ധതികള്‍. കനോലി കനാലിന്റെ സംരക്ഷണത്തിനായി തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇടക്കാലത്ത് പദ്ധതികള്‍ ആവിഷ്‌കരിച്ചവെങ്കിലും വിജയത്തിലെത്തിയില്ല. കനോലി കനാലിന്റെ സംരക്ഷണത്തിനായി മുടങ്ങിക്കിടക്കുന്ന ഫണ്ടുകള്‍ ഉടനെ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കനോലി കനാലിന്റെ കാര്യത്തില്‍ പുതിയ വാഗ്ദാനങ്ങള്‍ സ്ഥാനാര്‍ഥികളും രാഷ്ട്രിയപ്പാര്‍ട്ടികളും മല്‍സരിക്കുകയാണ്.
റോഡ് മാര്‍ഗമുള്ള ഗതാഗത സൗകര്യം കുറവായിരുന്ന കാലത്ത് കനോലി കനാല്‍ വഴിയായിരുന്നു ചരക്ക് കടത്തലും ആളുകളുടെ യാത്രയും. പുരപ്പുഴ, തിരൂര്‍ പുഴ, ഭാരതപ്പുഴ, ബിയ്യം കായല്‍ തുടങ്ങിയവയുമായി പരസ്പരം ബന്ധിപ്പിക്കുന്ന തരത്തിലാണ് കനാല്‍. പുരവഞ്ചിയിലൂടെയുള്ള ആഡംബര യാത്ര ഈ അടുത്ത കാലം വരെ ഉണ്ടായിരുന്നു.
പ്രദേശവാസികള്‍ കുളിക്കാനും കൃഷി ആവശ്യത്തിനും മറ്റും കനാലിലെ വെള്ളമാണ് 15 വര്‍ഷം മുമ്പ് വരെ ഉപയോഗിച്ചിരുന്നത്. ഇന്ന് ജലം മലിനമായതിനാല്‍ ഒന്നിനും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. വ്യാപാര സ്ഥാപനങ്ങള്‍, അറവുശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യം തള്ളാനുള്ള കേന്ദ്രമായി കനാല്‍ മാറിക്കഴിഞ്ഞു. അനധികൃത മണലെടുക്കലും കനാലിന്റെ നാശത്തിന് കാരണമായിട്ടുണ്ട്.
Next Story

RELATED STORIES

Share it