malappuram local

സംരക്ഷണമില്ലാതെ കനോലി കനാല്‍

പൊന്നാനി: ചരിത്രപ്രാധാന്യമുള്ള കനോലി കനാലിന്റെ സംരക്ഷണ പദ്ധതികള്‍ ഇതുവരെ നടപ്പിലായില്ല. കനോലി കനാലിനെ സംരക്ഷിച്ച് നിര്‍ത്തുന്നതില്‍ നഗരസഭക്ക് മൗനം.
തീരദേശത്തെ സമാന്തര ജലസ്രോതസ്സായ കനോലി കനാല്‍ തിരൂര്‍ പൊന്നാനി പുഴ പോലെ മാലിന്യം നിറഞ്ഞ് നാശത്തിലേക്ക് നീങ്ങുകയാണ്. പൊന്നാനി,ചാവക്കാട് ,അണ്ടത്തോട്, പാലപ്പെട്ടി, തിരൂര്‍,താനൂര്‍ മേഖലകളില്‍ കനാലിലെ വെള്ളം കുറഞ്ഞ് ദുര്‍ഗന്ധം വമിച്ച് തുടങ്ങി. സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ മണ്ണിടിഞ്ഞ് കനാലിന്റെ വീതി വര്‍ഷം തോറും കുറഞ്ഞു വരികയാണ്.1848 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ് കനോലി കനാല്‍.
ഉള്‍നാടന്‍ ജല വികസന പദ്ധതിയുടെ ഭാഗമായി കനോലി കനാല്‍ ആഴം കൂട്ടി ഭിത്തികള്‍ നിര്‍മിക്കുന്ന പദ്ധതിക്ക് 2007ല്‍ തുടക്കമായെങ്കിലും 2008 ല്‍ അത് പാതി വഴിയില്‍ നിലക്കുകയും ചെയ്തു.
ഇറിഗേഷന്‍ വകുപ്പ് സമര്‍പ്പിച്ച പ്രോജക്റ്റ് റിപോര്‍ട്ട് ധനകാര്യ വകുപ്പ് പിന്നിട് തള്ളുകയായിരുന്നു.കനോലി കനാലിന്റെ സംരക്ഷണത്തിനായി താനൂര്‍ മുതല്‍ പൊന്നാനി അഴിമുഖം വരെ കനാല്‍ വഴി ബോട്ട് സര്‍വ്വീസ് തുടങ്ങി ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായി കേരള ബജറ്റ് ഫണ്ടും അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീടതിന്റെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. സംരക്ഷണഭിത്തി നിര്‍മിക്കുക, മണലെടുപ്പ് നിയന്ത്രിക്കുക, മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുക, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, തുടങ്ങിയവയായിരുന്നു സംരക്ഷണത്തിനാവശ്യമായ പദ്ധതികള്‍. കനോലി കനാലിന്റെ സംരക്ഷണത്തിനായി തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇടക്കാലത്ത് പദ്ധതികള്‍ ആവിഷ്‌കരിച്ചു എങ്കിലും വിജയത്തിലെത്തിയില്ല .കനോലി കനാലിന്റെ സംരക്ഷണത്തിനായി മുടങ്ങിക്കിടക്കുന്ന ഫണ്ടുകള്‍ ഉടനെ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. റോഡ് മാര്‍ഗമുള്ള ഗതാഗത സൗകര്യം കുറവായിരുന്ന കാലത്ത് കനോലി കനാല്‍ വഴിയായിരുന്നു ചരക്ക് കടത്തലും ആളുകളുടെ യാത്രയും. പുരപ്പുഴ , തിരൂര്‍ പുഴ, ഭാരതപ്പുഴ, ബിയ്യം കായല്‍ തുടങ്ങിയവയുമായി പരസ്പരം ബന്ധിപ്പിക്കുന്ന തരത്തിലാണ് കനാ ല്‍. പുരവഞ്ചിയിലൂടെയുള്ള ആഡംബര യാത്ര ഈ അടുത്ത കാലം വരെ ഉണ്ടായിരുന്നു.
പ്രദേശവാസികള്‍ കുളിക്കാനും കൃഷി ആവശ്യത്തിനും മറ്റും കനാലിലെ വെള്ളമാണ് 15 വര്‍ഷം മുമ്പ് വരെ ഉപയോഗിച്ചിരുന്നത്. ഇന്ന് ജലം മലിനമായതിനാല്‍ ഒന്നിനും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്.
വ്യാപാര സ്ഥാപനങ്ങള്‍, അറവുശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യം തള്ളാനുള്ള കേന്ദ്രമായി കനാല്‍ മാറിക്കഴിഞ്ഞു. അനധികൃത മണലെടുക്കലും കനാലിന്റെ നാശത്തിന് കാരണമായിട്ടുണ്ട്.
കനോലി കനാലിന്റെ സംരക്ഷണം ഉയര്‍ത്തിക്കാട്ടി കവി പി പി രാമചന്ദ്രന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക നായകന്മാര്‍ ജല രക്ഷാ യാത്ര നടത്തിയിരുന്നു.
ഒരു മാസം മുമ്പായിരുന്നു ഇത്. ഇതിന്റെ മുന്നോടിയായി കനാലിന്റെ സംരക്ഷണത്തിന് പത്തിന നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു.എന്നാല്‍ ഇത് നടപ്പാക്കാന്‍ നഗരസഭ തയ്യാറായില്ല.
Next Story

RELATED STORIES

Share it