Kottayam Local

സംരക്ഷണഭിത്തി കെട്ടാന്‍ 98 ലക്ഷം രൂപ അനുവദിച്ചു

വൈക്കം: തലയോലപ്പറമ്പ് അടിയം ഭാഗത്ത് മൂവാറ്റുപുഴയാറിന്റെ തീരം ഇടിഞ്ഞു താഴ്ന്ന സ്ഥലത്ത് സംരക്ഷണ ഭിത്തി കെട്ടുന്നതിനു സര്‍ക്കാര്‍ 98 ലക്ഷം രൂപ അനുവദിച്ചു. 2017 ജൂണ്‍ എട്ടിനാണ് പാലാംകടവ് അടിയം താഴപ്പള്ളി റോഡരികില്‍ നിന്ന തണല്‍ മരം ആറ്റിലേയ്ക്കു കട പുഴകി വീണ് ആറ്റുതീരവും അനുബന്ധ റോഡും പുഴയിലേക്ക് ഇടിഞ്ഞു അപകടാവസ്ഥയിലായത്. തുടര്‍ന്ന് എംപി, എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇടിഞ്ഞ ഭാഗം കരിങ്കല്ല് കെട്ടി സംരക്ഷിക്കുന്നതിന് വേണ്ടി റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും തുക അനുവദിച്ചിരുന്നു. എന്നാല്‍ തീരമിടിഞ്ഞ ഭാഗത്ത് തെങ്ങിന്‍ കുറ്റികള്‍ ഉപയോഗിച്ച് ഏരി താഴ്ത്തി അതില്‍ മണല്‍ചാക്കുകള്‍ നിരത്തി തിട്ട ഉയര്‍ത്തുക മാത്രമാണ് അധികൃതര്‍ ചെയ്തത്. ആറ്റുതീരം ഇടിഞ്ഞതോടെ റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞുപോയതിനാല്‍ ഒരു വാഹനം മാത്രമേ കഷ്ടിച്ച് ഇതുവഴി കടന്നുപോവുകയുള്ളു. ഇതോടെ വാഹനങ്ങള്‍ ഈ ഭാഗത്ത് അപകടത്തില്‍പ്പെടുന്നതു പതിവായി. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതില്‍ സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ ഒട്ടനവധി ഉണ്ടായതിനെ തുടര്‍ന്ന് റോഡിന്റെ അപകടാവസ്ഥയിലായ ഭാഗം പുനര്‍നിര്‍മിക്കുന്നതില്‍ കാലതാമസമുണ്ടായി. ഇതോടെ റവന്യൂ വകുപ്പിന്റെ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സി കെ ആശ എംഎല്‍എ മന്ത്രിക്ക് കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുക അനുവദിച്ച് ഉത്തരവായിരിക്കുന്നത്. കല്ല് കെട്ടി പുറമേ കയര്‍ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. അടിയന്തിരമായി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it