Alappuzha local

സംയോജിത പദ്ധതികള്‍ മികച്ച നിലയില്‍ നടപ്പാക്കാന്‍ ശ്രമിക്കണം: ജില്ലാ കലക്ടര്‍ ്

ആലപ്പുഴ:  ജില്ലയില്‍ ഈവര്‍ഷം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന സംയോജിത പദ്ധതികള്‍ മികച്ച നിലയിലാക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഇപ്പോഴേ ശ്രമം തുടങ്ങണമെന്ന് ജില്ല കലക്ടര്‍ ടി വി അനുപമ. ജില്ലയില്‍ രൂപം നല്‍കിയ ജില്ല പദ്ധതിക്കു സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ 12 വിഷയങ്ങളിലുള്ള സംയോജിത പദ്ധതികള്‍ക്കാണ് കളമൊരുങ്ങുന്നത്.
ജില്ലയില്‍ മികച്ച നിലയില്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി കൂടുതല്‍ പണം വാങ്ങിയെടുക്കുന്നതിന് എല്ലാവരുടെയും ശ്രദ്ധയുണ്ടാകണമെന്ന് കലക്ട ര്‍ പറഞ്ഞു. ജില്ല വികസന സമതിയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍  ജില്ലാ സംസ്ഥാനത്ത് ആറാം സ്ഥാനത്തേക്കു താഴ്ന്നിരിക്കുകയാണ്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇക്കാര്യത്തില്‍ മുന്നാക്കം വരാന്‍ കഴിയും. രണ്ടു ദിവസം മുമ്പ് മൂന്നാം സ്ഥാനത്തായിരുന്ന ജില്ലയില്‍ ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചെങ്കിലും നഗരസഭകളുടെയും ജില്ല പഞ്ചായത്തിന്റെയും വിഹിതം ചെലവഴിക്കുന്നതില്‍ ഉണ്ടാവുന്ന കാലതാമസമാണ് ജില്ലയെ പിന്നാക്കം വലിക്കുന്ന ഘടകമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് ലഭിച്ച 21008 ലക്ഷം രൂപയില്‍ ഇതിനകം 60 ശതമാനം തുകയും ചെലവഴിച്ചു. ബ്ലോക്കില്‍ ലഭിച്ച 5025 ലക്ഷം രൂപയില്‍ 58 ശതമാനവും ചെലവഴിച്ചു. നഗരസഭകളുടെ പദ്ധതി വിഹിതമായ 8082 ലക്ഷം രൂപയില്‍ 46 ശതമാനവും ജില്ലാ പഞ്ചായത്ത് വിഹിതമായ 5026 ലക്ഷം രൂപയില്‍ 35 ശതമാനവും മാത്രമേ ഇതിനകം ചെലവഴിച്ചിട്ടുള്ളുവെന്നു യോഗത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. ഗ്രാമ-ബ്ലോക്ക്, നഗരസഭ- ജില്ല പഞ്ചായത്തുകളിലായി ലഭിച്ച വിഹിതത്തില്‍ പൊതുവിഭാഗത്തില്‍ 55 ശതമാനവും പട്ടികജാതി പദ്ധതികളില്‍ 47 ശതമാനവും പട്ടികവര്‍ഗ ഘടകപദ്ധതിയില്‍ 30 ശതമാനവുമാണ് ഇതുവരെ ചെലവഴിച്ചത്.  ഈ നാലു തദ്ദേശസ്ഥാപനങ്ങള്‍ക്കുമായി പൊതുവിഭാഗത്തില്‍ 31614 ലക്ഷം രൂപയും എസ്‌സി പിയില്‍ 7398 ലക്ഷം രൂപയും ടിഎസ്പിയില്‍ 129 ലക്ഷവും ഉള്‍പ്പടെ 39142 ലക്ഷമാണ് ലഭിച്ചത്. ഇതില്‍ പൊതുവിഭാഗത്തില്‍  17364 ലക്ഷം രൂപയും എസ്‌സി പിയില്‍  3464 ലക്ഷം രൂപയും ടിഎസ്പിയില്‍ 38.56 ലക്ഷവും ഉള്‍പ്പടെ 20866 ലക്ഷം രൂപയാണ് ഇതുവരെ ചെലവഴിച്ചത്.
പൊതുവിഭാഗത്തില്‍ 55 ശതമാനവും എസ്‌സിപിയില്‍ 47 ശതമാനവും ടിഎസ്പിയില്‍ 30 ശതമാനവുമാണ് ചെലവഴിച്ചത്. ജില്ലാതല ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി പദ്ധതി തുക വിനിയോഗം പൂര്‍ണതോതിലാക്കാന്‍ കഠിനപരിശ്രമം നടത്തണമെന്ന് ജില്ല കലക്ടര്‍ നിര്‍ദേശിച്ചു. പുത്തന്‍കുളത്ത് മുടങ്ങിയ കുടിവെള്ള പമ്പിങ്  തുടങ്ങിയില്ലെന്നും കക്കാഴം പാലത്തില്‍ റോഡുസുരക്ഷയ്ക്കായി സിസിടിവി കാമറ സ്ഥാപിക്കണമെന്ന നിര്‍ദേശവും ഇനിയും നടപ്പായില്ലെന്ന് പൊതുമരാമത്ത്മന്ത്രിയുടെ പ്രതിനിധി അരുണ്‍കുമാര്‍ ചൂണ്ടിക്കാട്ടി. തണ്ണീര്‍മുക്കം-ചേര്‍ത്തല റോഡിന്റെ പണി ഇഴഞ്ഞു നീങ്ങുകയാണെന്ന് ഭക്ഷ്യമന്ത്രിയുടെ പ്രതിനിധി എസ് പ്രകാശന്‍ ചൂണ്ടിക്കാട്ടി.
ജപ്പാന്‍ കുടിവെള്ളത്തിന് കണക്ഷന്‍ എടുത്തവര്‍ക്ക് ഭീമമായ തുകയ്ക്കുള്ള ബില്ലാണ് നല്‍കുന്നതെന്നും തിരക്കുമ്പോള്‍ മീറ്റര്‍ റീഡിങ് എടുക്കുന്ന ദിനവേതനത്തില്‍ ജോലിചെയ്യുന്നവര്‍ക്കുണ്ടാവുന്ന സാങ്കേതിക പിഴവാണെന്നും വിശദീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഭീമമായ ബില്‍ മാറ്റിനല്‍കാന്‍ ജലഅതോറിട്ടി അധികൃതര്‍ നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടനാട്ടില്‍ ശുചിമുറി മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും ഇതിനുപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എം എന്‍ ച്രപ്രകാശ് ആവശ്യപ്പെട്ടു.
നെല്ലിന്റെ മൂപ്പെത്തിയില്ലെന്ന പേരില്‍ രണ്ടാംകൃഷി വിളവെടുപ്പ് തുടങ്ങിയ ഇടങ്ങളില്‍ നെല്ലു വിലകുറയ്ക്കുന്ന നടപടിയില്‍ ജില്ല കലക്ടര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ കമ്മീഷന്‍ ചെയ്ത 225 കോടി രൂപയുടെ ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ നിന്ന് നഗരത്തിന് വെള്ളംകിട്ടുന്നില്ലെന്ന് ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് പരാതിപ്പെട്ടു. യോഗത്തില്‍ ജില്ല പ്ലാനിങ് ഓഫിസര്‍ കെ എസ് ലതി, ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it