kannur local

സംയോജിത പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കണം: ജില്ലാ ആസൂത്രണ സമിതി

കണ്ണൂര്‍: 2018-19 വാര്‍ഷിക പദ്ധതിയില്‍ ജില്ലയുടെ മൊത്തത്തിലുള്ള വികസനം മുന്നില്‍ക്കണ്ടുള്ള സംയോജിത പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയുടെ ദീര്‍ഘകാല-സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ ജില്ലാ പദ്ധതിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് സംയോജിത പദ്ധതികള്‍.
ഓരോ തദ്ദേശസ്ഥാപനങ്ങളും പ്രാദേശികാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്കൊപ്പം ജില്ലയുടെ മൊത്തത്തിലുള്ള ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പദ്ധതികള്‍കൂടി നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. ജില്ലയിലെ പൊതുകുളങ്ങള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ വൃത്തിയായി പരിപാലിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ജില്ലാ-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകള്‍ 20:20:20 എന്ന അനുപാതത്തില്‍ തുക കണ്ടെത്തേണ്ടതുണ്ട്.
തരിശുഭൂമിയും ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകളും കണ്ടെത്തി കൃഷി ചെയ്യുന്നതിനുള്ള പദ്ധതി നടപ്പാക്കണം. വിത്ത്, വളം, കീടനാശിനി എന്നിവ പഞ്ചായത്തും യന്ത്രങ്ങള്‍ ബ്ലോക്ക് പഞ്ചായത്തും കൂലിചെലവ് ജില്ലാ പഞ്ചായത്തും നല്‍കണം.
കണ്ണൂരിനെ സമ്പൂര്‍ണ പാലിയേറ്റീവ് സൗഹൃദ ജില്ലയാക്കി മാറ്റുക, എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും ഒന്നാം ക്ലാസ് ഹൈടെക് ആക്കുക, കുടുംബശ്രീ, ഗ്രാമപ്പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വീടുകളില്‍ കോഴിഫാം ആരംഭിക്കുക, മലബാര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് കാന്‍സര്‍ നിയന്ത്രിക്കുക, വന്യമൃഗശല്യം തടയുക, വിവിധ കായിക ഇനങ്ങളില്‍ ഗ്രാമതലത്തില്‍ സെലക്ഷന്‍ നടത്തി ജില്ലാ ടീമുകള്‍ക്ക് രൂപംനല്‍കുക, പാലിന് ഉല്‍പാദന ബോണസ് നല്‍കുക, കൈപ്പാട് കൃഷി ശക്തിപ്പെടുത്തുക തുടങ്ങിയവുമായി ബന്ധപ്പെട്ട പദ്ധതികളാണ് സംയോജിത വിഭാഗത്തില്‍പ്പെടുത്തി നടപ്പാക്കേണ്ടത്. ഹരിതകേരളം മിഷന്റെ ഭാഗമായ പഞ്ചായത്ത്തല പ്ലാസ്റ്റിക് ശേഖരണ കേന്ദ്രം, ബ്ലോക്ക്തല ഷ്രെഡിങ് യൂനിറ്റ്, എല്ലാ വീടുകളിലും ജൈവമാലിന്യ സംസ്‌കരണ യൂനിറ്റ് തുടങ്ങിയവ ഈ വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കണം.
അടുത്ത വര്‍ഷത്തെ പദ്ധതി ആസൂത്രണം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തീകരിച്ച് ഏപ്രില്‍ ഒന്നുമുതല്‍ നിര്‍വഹണം ആരംഭിക്കാനാവുന്ന രീതിയില്‍ കാര്യങ്ങള്‍ വേഗത്തിലാക്കാനും ആസൂത്രണം സമിതി നിര്‍ദേശം നല്‍കി.
ജില്ലയിലെ 80 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. ഡിപിസി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മേയര്‍ ഇ പി ലത, എഡിഎം ഇ മുഹമ്മദ് യൂസുഫ്, ആസൂത്രണ സമിതി അംഗങ്ങളായ വി കെ സുരേഷ് ബാബു, സുമിത്ര ഭാസ്‌കരന്‍, പി ജാനകി, എം സുകുമാരന്‍, പി കെ ശ്യാമള, പി ഗൗരി, കെ വി ഗോവിന്ദന്‍, ഡിപിഒ കെ പ്രകാശന്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it