palakkad local

സംയുക്ത ട്രേഡ് യൂണിയന്‍; വ്യവസായ ഹര്‍ത്താല്‍ പൂര്‍ണം



പാലക്കാട്: പെപ്‌സിയില്‍ നിന്ന് പിരിച്ചു വിട്ട കരാര്‍ തൊഴിലാളികളുടെ സമരത്തിനു നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് കഞ്ചിക്കോട്ട് സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്്്ത വ്യവസായ ഹര്‍ത്താല്‍ പൂര്‍ണം. വ്യവസായമേഖലയിലെ ചെറുതും വലുതുമായ അഞ്ഞൂറിലേറെ കമ്പനികളെയും സമരം നിശ്ചലമാക്കി. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 50000 തൊഴിലാളികളാണ് ഇവിടെയുള്ളത്. കമ്പനികള്‍ പതിവു പോലെ തുറന്നു പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഹര്‍ത്താലിനെ തുടര്‍ന്ന് പലയിടത്തും തൊഴിലാളികളുടെ ഹാജര്‍നില നാമമാത്രമായിരുന്നെന്ന് മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു. കരാര്‍ തൊഴിലാളികള്‍ കൂടുതലായുള്ള ഉല്‍പാദന, വിപണന മേഖലയെയാണ് കൂടുതല്‍ ബാധിച്ചത്.കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും വ്യവസായ ഹര്‍ത്താല്‍ ബാധിച്ചു.ഇവിടങ്ങളിലും ജീവനക്കാരുടെ എണ്ണം പതിവിലും കുറവായിരുന്നു. ഹര്‍ത്താലില്‍ വ്യവസായമേഖല  സ്തംഭിച്ചതോടെ കോടികളുടെ സാമ്പത്തിക നഷ്ടമാണ് കമ്പനികള്‍ക്കും സര്‍ക്കാരിനും ഉണ്ടാക്കിയതെന്നും മാനേജ്‌മെന്റ് അധികൃതര്‍ ആരോപിച്ചു. ഒന്‍പതിനു എറണാകുളത്ത് അഡീഷനല്‍ ലേബര്‍ കമ്മിഷന്റെ അധ്യക്ഷതയില്‍ പെപ്‌സി കമ്പനി മാനേജ്‌മെന്റ് പ്രതിനിധികളും ട്രേഡ് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടക്കുമെന്നും യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ ചുള്ളിമടയില്‍ നിന്ന് കമ്പനിയിലേക്കു നടത്തിയ മാര്‍ച്ച് പൊലീസ് കമ്പനി പടിക്കല്‍ തടഞ്ഞു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി സംസ്ഥാന വൈസ്പ്രസിഡന്റ് എ രാമസ്വാമി അധ്യക്ഷനായി. വിവിധ രാഷ്ട്രീയ- യൂണിയന്‍ നേതാക്കളായ എസ് ബി രാജു, വി കെ ശ്രീകണ്ഠന്‍, സി കൃഷ്ണകുമാര്‍, വിജയന്‍ കുനിശ്ശേരി, എസ് കെ അനന്തകൃഷ്ണന്‍, ഇ കൃഷ്ണദാസ്, കെ സുധാകരന്‍, എന്‍ മുരളീധരന്‍, സുരേഷ്, സി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it