സംഭാഷണങ്ങളില്‍ അഭിനേതാക്കള്‍ക്ക് പങ്കില്ലെന്ന് കോടതി

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റിലെ —സേക്രട്ട് ഗെയിംസ് പരമ്പരയുടെ സംഭാഷണങ്ങളില്‍ അഭിനേതാക്കള്‍ക്കു പങ്കില്ലെന്നു ഡല്‍ഹി ഹൈക്കോടതി. പരമ്പരയുടെ സംപ്രേഷണം തടയണമെന്നും വിവാദ സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്നും കാണിച്ച് ഡല്‍ഹി കോടതിയില്‍ നല്‍കിയ ഹരജിയിലാണ് കോടതി നിരീക്ഷണം. ഇതുവരെ പരമ്പരയുടെ എട്ട് എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. കേസ് ഈ മാസം 19നു വീണ്ടും പരിഗണിക്കും. ജൂലൈ 6നാണ് പരമ്പര നെറ്റ് ഫഌക്‌സ് സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍, പരമ്പരയില്‍ നവാസുദ്ദീന്‍ സിദ്ദീഖി അവതരിപ്പിക്കുന്ന കഥാപാത്രം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് കൊല്‍ക്കത്തയിലും മുംബൈയിലും രണ്ടു പരാതികളുണ്ട്. പരമ്പരയുടെ കഥയും അഭിനേതാക്കളുടെ പ്രകടനവും കൊണ്ട് അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് സേക്രട്ട് ഗെയിംസ്.
എന്നാല്‍, വിവാദത്തിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നോട്ടുവന്നിരുന്നു. തന്റെ പിതാവ് രാജ്യത്തിനു വേണ്ടി ജീവിച്ചുമരിച്ച വ്യക്തിയാണെന്നും ഒരു കഥാപരമ്പരയിലെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടുകളുടെ പേരില്‍ ഇതില്ലാതാക്കാന്‍ കഴിയില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. വിക്രം ചന്ദയുടെ സേക്രട്ട് ഗെയിംസ് എന്ന പുസ്തകത്തെ ആധാരമാക്കി തയ്യാറാക്കിയതാണു പരമ്പര.
Next Story

RELATED STORIES

Share it