thiruvananthapuram local

സംഭരണശേഷി കുറഞ്ഞു ; അരുവിക്കരയില്‍ വെള്ളം ഒഴുക്കിക്കളയുന്നു



തിരുവനന്തപുരം: അടിഞ്ഞുകൂടിയ ചെളിയും മണ്ണും യഥാസമയം നീക്കംചെയ്യാതെ സംഭരണ ശേഷി കുറഞ്ഞതിനാല്‍ അരുവിക്കരഡാമില്‍ നിന്ന് ജലം ഒഴുക്കിക്കളയുന്നു. ലക്ഷക്കണക്കിന് ലിറ്റര്‍ ജലമാണ് ദിനംപ്രതി ഒഴുക്കിക്കളയുന്നത്. 40-50 ഘനയടി വരെ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള  അരുവിക്കര അണക്കെട്ടില്‍ ഇപ്പോള്‍ സംഭരണ ശേഷിയുടെ 60 ശതമാനം വെള്ളം മാത്രമാണ് ശേഖരിക്കുന്നത്. മണ്ണും ചെളിയും കണ്ടലും കൊണ്ട് അണക്കെട്ടിന്റെ ബാക്കി ഭാഗം നിറഞ്ഞിരിക്കുകയാണ്. രൂക്ഷമായ വരള്‍ച്ചയ്ക്കു ശേഷം ലഭിക്കുന്ന മഴവെള്ളം സംഭരിക്കാനാകാതെ പാഴാക്കുന്നത് അധികൃതരുടെ അനാസ്ഥയാണ്. വേനല്‍ക്കാലത്ത് വെള്ളം നിയന്ത്രണാതീതമായി കുറഞ്ഞപ്പോള്‍ പോലും അണക്കെട്ട് വൃത്തിയാക്കുന്നതിനുള്ള യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. അതിനാല്‍ തന്നെ ഇപ്പോള്‍ ഷട്ടര്‍ തുറന്ന് ഒഴുക്കി കളയുകയല്ലാതെ മറ്റ് പോംവഴികളില്ലെന്ന അവസ്ഥയിലെത്തി. അണക്കെട്ട് തുറന്ന് വിടുന്നതിന്റെ ഫലമായി കരമന, ശാസ്തമംഗലം, മരുതംകുഴി തുടങ്ങിയ പ്രദേശങ്ങളില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. വരുംദിവസങ്ങളിലും ഷട്ടര്‍ തുറക്കുകയാണെങ്കില്‍ ഈ പ്രദേശങ്ങളില്‍ വെള്ളം നിറയും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും മഴ മാറി നിന്നാല്‍ മാത്രമേ ഷട്ടറുകള്‍ അടയ്ക്കാനാകൂവെന്നാണ് അധികൃതരുടെ നിഗമനം. അടുത്ത വേനലിലും ജലക്ഷാമം വരുമെന്ന് മുന്നില്‍ക്കണ്ട് യഥാസമയം അണക്കെട്ട് വൃത്തിയാക്കിയിരുന്നെങ്കില്‍ നിലവിലെ അവസ്ഥ പരിഹരിക്കാനാകുമായിരുന്നു. മഴ ശക്തിപ്രാപിക്കുന്നതോടെ യാതൊരുവിധ പ്രവര്‍ത്തനങ്ങളുംനടത്താനാകാത്ത അവസ്ഥയുമുണ്ട്.
Next Story

RELATED STORIES

Share it