palakkad local

സംഭരണശാലയ്ക്ക് തീപിടിച്ചു; 30 ടണ്‍ മാങ്ങ കത്തിനശിച്ചു

കൊല്ലങ്കോട്: സംഭരണശാലക്ക് തീപിടിച്ച് 40ടണ്‍ മാങ്ങ കത്തിനശിച്ചു. 40ലക്ഷംരൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കൊല്ലങ്കോട് കുരുവിക്കൂട് മരത്തിന് സമീപം പിഎച്ച്എം മാംഗോ സംഭരണശാലയ്ക്കാണ് ഇന്നലെ രാവിലെ 11ഓടെ തീപ്പിടിച്ചത്.  മുതലമട പള്ളം സക്കീര്‍ ഹുസൈന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. സംഭരണശാലയുടെ ഓലപ്പുരയിലാണ് ഓഫിസ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി ലൈനില്‍ നിന്നുണ്ടായ ഷോര്‍ട്‌സര്‍ക്യൂട്ടാവാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ചിറ്റൂര്‍ അഗ്‌നിരക്ഷാ സേനയുടെ നാല് യൂനിറ്റ് ഒന്നര മണിക്കൂര്‍ ശ്രമപ്പെട്ടാണ് തീയണച്ചത്. മുതലമടയിലെ തോട്ടങ്ങള്‍ പാട്ടത്തിനെടുത്തും സ്വന്തം ഉടമസ്ഥതയിലുള്ള തോട്ടങ്ങളില്‍ നിന്ന് പറിച്ചെടുത്ത പാകമായ മാങ്ങകളായിരുന്നു സംഭരണശാലയില്‍ സൂക്ഷിച്ചിരുന്നത്.
ഡല്‍ഹി, ബംഗളൂരു, മുംബൈ, ഇന്‍ഡോര്‍, കൊല്‍ക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കാന്‍ പായ്ക്ക് ചെയ്തതും പറിച്ചെടുത്ത് കൂട്ടിയിട്ടതുമായ മാങ്ങകളാണ് കത്തിനശിച്ചത്. ഉത്തരേന്ത്യയില്‍ ഹോളി ആഘോഷമായതിനാല്‍ ചരക്ക് കയറ്റി കൊണ്ടു പോകാന്‍ ലോറികള്‍ വരാത്തതിനാല്‍ പായ്ക്ക് ചെയ്തതുള്‍പ്പെടെ 40ടണ്‍ മാങ്ങളാണ് സംഭരണശാലയില്‍ ഉണ്ടായതെന്ന് ഉടമസ്ഥന്‍ സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ വിപണിയില്‍ മാങ്ങയ്ക്ക് നല്ല വില ലഭിക്കുന്ന സമയമാണിത്. ഇതിനിടിയിലാണ് അപകടം സംഭവിക്കുന്നത്.
ഓഫിസിലെ കംപ്യൂട്ടര്‍, പ്രിന്റര്‍, എയര്‍കണ്ടീഷന്‍, ഫര്‍ണീച്ചറുകള്‍, നാല്‍പതോളം ഫാന്‍, ബൈക്ക്, മാങ്ങ നിറച്ചു വെയ്ക്കുന്ന ആയിരത്തോളം പ്ലാസ്റ്റിക്ക് ട്രേ, പേപ്പര്‍ ബോക്‌സുകള്‍ എന്നിവയൊക്കെ കത്തിനശിച്ചു. മുപ്പത് സെന്റ് സ്ഥലത്ത് രണ്ടു ഭാഗങ്ങളിലായാണ് സംഭരണശാല, ഓഫിസും പ്രവര്‍ത്തിക്കുന്നത്. മുന്‍ഭാഗം ഓലപ്പുരയുംപുറകില്‍ തകര ഷീറ്റുമാണ്. അപകട സമയം ഇതര സംസ്ഥാന തൊഴിലാളികള്‍ സംഭരണശാലയില്‍ ഇല്ലാത്തതിനാല്‍ ദുരന്തം ഒഴിവായി.
മുതലമട കൊല്ലങ്കോട് പഞ്ചായത്തുകളില്‍ മാങ്ങ വിളവെടുപ്പ് കാലമായതിനാല്‍ ഇത്തരം നിരവധി ഷെഡുകളാണ് പ്രവര്‍ത്തിക്കുന്നത്. സംഭവ സ്ഥലം കെ ബാബു എംഎല്‍എ, കൊല്ലങ്കോട് പോലിസ്, റവന്യൂ വിഭാഗം, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it