World

സംഘര്‍ഷ മേഖലകളില്‍ കുട്ടികളുടെ ദുരിതം വര്‍ധിച്ചതായി യൂനിസെഫ്

ജനീവ: ലോകത്തെ സംഘര്‍ഷ മേഖലകളില്‍ കുട്ടികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ വര്‍ധിച്ചതായി യുഎന്‍ ഏജന്‍സി യൂനിസെഫ്. മനുഷ്യകവചമായി കുട്ടികളെ ഉപയോഗിക്കുന്നതും കുട്ടികള്‍ കൊല്ലപ്പെടുന്നതും, യുദ്ധം ചെയ്യുന്നതുമടക്കമുള്ള പ്രശ്‌നങ്ങളെക്കുറിച്ച് യൂനിസെഫ് റിപോര്‍ട്ടില്‍ പരാമര്‍ ശിക്കുന്നു.  കുട്ടികളെ അടിമകളാക്കല്‍, ബലാല്‍സംഗം, നിര്‍ബന്ധിത വിവാഹം, തട്ടിക്കൊണ്ടുപോവല്‍ തുടങ്ങിയവ സംഘര്‍ഷ മേഖലകളില്‍ വ്യാപകമാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങള്‍ സംഘര്‍ഷ മേഖലകളില്‍ ലംഘിക്കപ്പെടുകയാണ്. സായുധ സംഘടനകള്‍ തട്ടിക്കൊണ്ടു പോവുന്ന കുട്ടികള്‍ കടുത്ത ചൂഷണങ്ങള്‍ക്കിരയാവുന്നു. സായുധ സംഘടനകളില്‍ നിന്നു മോചിപ്പിക്കപ്പെടുന്ന കുട്ടികള്‍ സൈന്യത്തിന്റെ ചൂഷണങ്ങള്‍ക്കും ഇരയാവുന്നു. സംഘര്‍ഷങ്ങളില്‍ വലിയ വില നല്‍കേണ്ടിവരുന്നതു കുട്ടികളാണ്. പോഷകാഹാരക്കുറവ്, രോഗങ്ങള്‍, ആക്രമണങ്ങള്‍, അവശ്യസേവനങ്ങള്‍ നിഷേധിക്കപ്പെടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കുട്ടികളുടെ ജീവിതത്തെ ബാധിക്കുന്നു. വെള്ളവും ഭക്ഷണവും ആരോഗ്യ സംരക്ഷണവുമടക്കമുള്ള സംവിധാനങ്ങള്‍ ഈ മേഖലകളില്‍ കുട്ടികള്‍ക്കു നിഷേധിക്കപ്പെടുകയാണെന്നു യൂനിസെഫ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സംഘര്‍ഷ മേഖലകളില്‍ കുട്ടികളെ കരുതിക്കൂട്ടി ലക്ഷ്യംവയ്ക്കുന്നതു വര്‍ധിച്ചതായി യൂനിസെഫ് ഡെപ്യൂട്ടി ഡയറക്ടര്‍ ജസ്റ്റിന്‍ ഫോര്‍സിത് പറഞ്ഞു. സര്‍ക്കാരുകളും വിമത വിഭാഗങ്ങളും കുട്ടികള്‍ സംരക്ഷിക്കപ്പെടുന്നത് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലെ കസായ് മേഖലയില്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് 8.5 ലക്ഷത്തോളം കുട്ടികള്‍ക്കു വീടും നാടും വിട്ട് പോവേണ്ടി വന്നു.  3.5 ലക്ഷത്തിലധികം കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിട്ടു. യമനില്‍ 1000ത്തോളം ദിവസം നീണ്ട യുദ്ധത്തില്‍ 5000ത്തിലധികം കുട്ടികള്‍ കൊല്ലപ്പെടുകയോ, ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തു. 1.1 കോടിയിലധികം കുട്ടികള്‍ക്കു മാനുഷിക സഹായം ആവശ്യമാണെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. ദക്ഷിണ സുദാനില്‍ 19,000ത്തിലധികം കുട്ടികളെ സായുധ സംഘടനകള്‍ റിക്രൂട്ട് ചെയ്തു. രാജ്യത്ത് സംഘര്‍ഷം ആരംഭിച്ച 2013 ഡിസംബര്‍ മുതല്‍ 2,300ലധികം കുട്ടികള്‍ കൊല്ലപ്പെടുകയോ, പരിക്കേല്‍ക്കുകയോ ചെയ്തു.
Next Story

RELATED STORIES

Share it