സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള നീക്കം അപലപനീയം: എസ്ഡിപിഐ

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയുടെ കൊലപാതകത്തെയും അതിന്റെ ഉത്തരവാദിത്തം എസ്ഡിപിഐക്ക് മേല്‍ കെട്ടിവച്ച് സംസ്ഥാനത്തെങ്ങും സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള സിപിഎം നീക്കത്തെയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് അപലപിച്ചു.
പാര്‍ട്ടിയുടെ കൊടികളും ബോര്‍ഡുകളും നശിപ്പിക്കുന്നത് ബോധപൂര്‍വമായ ഗൂഢാലോചനയുടെ ഭാഗമാണ്. വൈകാരിക സാഹചര്യം മുതലെടുത്ത് വിലകുറഞ്ഞ രാഷ്ട്രീയ താല്‍പ്പര്യം നടപ്പാക്കുന്നതിനു പകരം കലാലയങ്ങള്‍ സംഘര്‍ഷഭരിതമാക്കുന്നതില്‍ തങ്ങളുടെ പങ്കിനെക്കുറിച്ച് ആത്മപരിശോധന നടത്താന്‍ സിപിഎം തയ്യാറാവണം.
കാംപസ് ഫ്രണ്ട് അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയും അവരുടെ പ്രവര്‍ത്തകരെയും നേതാക്കളെയും മാരകമായി ആക്രമിക്കുകയും ചെയ്യുന്നതിന്റെ തുടര്‍ച്ചയാണ് മഹാരാജാസ് കോളജിലുണ്ടായത്. ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ രക്തംപുരണ്ട സംഘടനയാണ് എസ്എഫ്‌ഐ. അവരുടെ അഹങ്കാരവും ആധിപത്യ മനോഭാവവുമാണ് കാംപസുകളെ സംഘര്‍ഷഭരിതമാക്കുന്നത്. കാംപസ് ഫ്രണ്ട് എസ്ഡിപിഐയുടെ വിദ്യാര്‍ഥി സംഘടനയല്ല.
എന്നാല്‍, ഏതൊരു സംഘടനയുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനു വേണ്ടി പാര്‍ട്ടി നിലകൊള്ളും. കൊലപാതകത്തിന് കാരണമായ മുഴുവന്‍ സാഹചര്യങ്ങളും പരിശോധിക്കാനും മുന്‍വിധികളില്ലാത്ത നിയമനടപടിക്കും ആഭ്യന്തരവകുപ്പ് തയ്യാറാവണം. പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു വിദ്യാര്‍ഥി നേതാവിന്റെ ദാരുണ മരണം സംഭവിച്ചത് ദുഃഖകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിദ്യാര്‍ഥി സംഘടന നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it