kannur local

സംഘര്‍ഷം: ബൈക്ക് യാത്രക്കാര്‍ക്ക് നേരെ വധശ്രമം; പോലിസ് ഗ്രനേഡ് പ്രയോഗിച്ചു



കാസര്‍കോട്: പയ്യന്നൂരില്‍ നടന്ന ബിജെപി ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിന് നേരെ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ചളിയങ്കോടാണ് സംഭവം. കല്ലേറിനെ തുടര്‍ന്ന് ഇതുവഴി വരികയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിട്ട വഴിപോകുന്നവരെ വ്യാപകമായി തടഞ്ഞുനിര്‍ത്തി അക്രമിച്ചതായും പരാതിയുണ്ട്. ചെമനാട് പാലത്തിനടുത്ത് വച്ച് കാസര്‍കോട് നിന്നും മേല്‍പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമം. പോലിസിന് നേരെ കൈയേറ്റവുമുണ്ടായി. പോലിസ് ഗ്രനേഡ് പ്രയോഗിച്ച് അക്രമികളെ വിരട്ടിയോടിക്കുകയായിരുന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ചെങ്കള ഇന്ദിരാനഗര്‍ വിവേകാനന്ദ കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി ചാത്തങ്കൈ മാണിയിലെ അബ്ദുല്‍ സമദ് (18), ഇലക്ട്രീഷ്യന്‍ ചാത്തങ്കൈയിലെ മുഹമ്മദ് റഫീഖ് (28) എന്നിവരെ പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15ഓളം വരുന്ന ബിജെപി-ആര്‍എസ്എസ് സംഘം ഇരുവരേയും തടഞ്ഞുനിര്‍ത്തി മാരകായുധ—ങ്ങള്‍ കൊണ്ട് തലക്കും ദേഹത്തും അക്രമിക്കുകയായിരുന്നു. കൊല്ലാനായിരുന്നു സംഘത്തിന്റെ ശ്രമം. ഇതിനിടയില്‍ പോലിസ് എത്തിയതോടെയാണ് അക്രമികള്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ കാസര്‍കോട് പോലിസ് ഒരു സംഘത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മര്‍ദ്ദനത്തില്‍ ഇരുവരുടേയും കര്‍ണപുഠങ്ങള്‍ തകര്‍ന്നിട്ടുണ്ട്. സിവില്‍ പോലിസ് ഓഫിസര്‍മാരായ ജയന്‍ (36), അനീഷ് കുമാര്‍ (30) എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയ യുവാക്കളെ പോലിസാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. കാസര്‍കോട് സിഐയുടെ നേതൃത്വത്തില്‍ പോലിസ് എത്തി ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. കാസര്‍കോട് ഭാഗത്ത് നിരപരാധികളെ കൊല്ലനായിരുന്നു സംഘത്തിന്റെ ശ്രമമെന്ന് ആരോപണമുണ്ട്. ഇതിനിടയില്‍ ഇതുവഴി വന്ന കെഎസ്ആര്‍ടിസി ബസിന് നേരെയും കല്ലേറുണ്ടായി. മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. 5000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണ്ടക്ടര്‍ ചെറുവത്തൂരിലെ സന്തോഷ് കുമാര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it