സംഘര്‍ഷം പടരുന്നു: കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് വിദ്യാര്‍ഥി കൊല്ലപ്പെട്ടു

ശ്രീനഗര്‍: പെണ്‍കുട്ടിയെ സൈനികന്‍ പീഡിപ്പിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം തുടരുന്ന ജമ്മുകശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് ഇന്നലെ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. 11ാം ക്ലാസ് വിദ്യാര്‍ഥി ആരിഫ് ഹുസയ്ന്‍ ദര്‍ ആണു കൊല്ലപ്പെട്ടത്. വടക്കന്‍ കശ്മീരില്‍ കുപ്‌വാരയിലാണ് സംഭവം. ഇതോടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
ഹന്ദ്വാരയില്‍ ക്രിക്കറ്റ് താരം ഉള്‍പ്പെടെ നാല് പേരെ വെടിവച്ചു കൊലപ്പെടുത്തിയ സൈനിക നടപടിക്കെതിരേ വന്‍ പ്രക്ഷോഭങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്നത്.
കുപ്‌വാരയിലെ നത്‌നുസയില്‍ ജുമുഅ നമസ്‌കാരത്തിനു ശേഷം പ്രകടനം നടത്തിയ കശ്മീരികള്‍ സൈനിക ക്യാംപിനു കല്ലെറിഞ്ഞപ്പോഴാണ് സൈന്യം വെടിവച്ചതെന്ന് പോലിസ് പറഞ്ഞു. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ കശ്മീരില്‍ ഇന്നലെ പലയിടത്തും സൈനികരും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട നിരവധി കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. ഇത് തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ താഴ്‌വരയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി റദ്ദാക്കി. സിവിലിയന്‍മാര്‍ക്കെതിരേ ബലം പ്രയോഗിക്കരുതെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഉന്നത പോലിസ്-രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, സൈനികന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയെയും പിതാവിനെയും പോലിസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭം ശക്തിപ്പെട്ടതിനു പിന്നാലെ പെണ്‍കുട്ടിയെ പോലിസ് സ്റ്റേഷനിലെത്തിച്ച് പീഡനം നടന്നിട്ടില്ലെന്ന മൊഴി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സൈനികനെ രക്ഷപ്പെടുത്താനാണ് പോലിസ് നീക്കമെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.
മൊഴി വീഡിയോയില്‍ പകര്‍ത്തിയതു സംബന്ധിച്ച് അറിയില്ലെന്ന് വടക്കന്‍ കശ്മീര്‍ ഡിഐജി ഉത്തംചന്ദ് മാധ്യമങ്ങളോട് പറഞ്ഞു.
പിതാവിനെയും പെണ്‍കുട്ടിയെയും വിട്ടയക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ജമ്മുകശ്മീര്‍ കൊ-അലീഷന്‍ ഓഫ് സിവില്‍ സൊസൈറ്റി ആവശ്യപ്പെട്ടു. അതേസമയം, കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് പെണ്‍കുട്ടിയെയും സഹോദരനെയും പിതാവിനെയും പോലിസ് കസ്റ്റഡിയിലെടുത്തതെന്നും പിന്നീട് ഇവര്‍ എവിടെയെന്നറിയില്ലെന്നും സംഘടനയുടെ കോ-ഓഡിനേറ്റര്‍ ഖുര്‍റം പര്‍വേസ് പറഞ്ഞു.
കസ്റ്റഡിയിലുള്ളവരെ കാണാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചില്ല. പെണ്‍കുട്ടിയുടെ സുരക്ഷ കണക്കിലെടുത്താണ് കസ്റ്റഡിയിലെടുത്തതെന്ന് പോലിസ് പറയുന്നു. അവരെ പോലിസ് സ്റ്റേഷനില്‍ പാര്‍പ്പിക്കാതെ വീട്ടിലെത്തിച്ച് അവിടെ സുരക്ഷയൊരുക്കുകയാണു വേണ്ടതെന്നും പര്‍വേസ് പറഞ്ഞു.
Next Story

RELATED STORIES

Share it