thrissur local

സംഘപരിവാര ഹര്‍ത്താലില്‍ ജില്ലയിലെ ജനം വലഞ്ഞു



തൃശൂര്‍: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ജനജീവിതം ദുസ്സഹമാക്കി. അടിച്ചേല്‍പ്പിച്ച ഹര്‍ത്താലില്‍ കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ സാധാരണ പോലെ നടന്നു. ഇരുചക്ര വാഹനങ്ങളും ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഹര്‍ത്താലിനെ തുടര്‍ന്ന് അവധി നല്‍കി. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില ഗണ്യമായി കുറഞ്ഞു. ബാങ്കുകള്‍ പ്രവര്‍ത്തിച്ചില്ല. അതേസമയം ഹര്‍ത്താല്‍ ജനജീവിതത്തേ സാരമായി ബാധിച്ചു. മുന്‍കൂട്ടിയുണ്ടായ തീരുമാനപ്രകാരമല്ലാ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നതിനാല്‍ പരീക്ഷകളൊ ഇന്റര്‍വ്യൂകളോ മാറ്റിവെച്ചിരുന്നില്ല. ഗ്രാമീണ മേഖലകളില്‍ നിന്ന് ഓഫിസുകളിലും പരീക്ഷാ കേന്ദ്രങ്ങളിലുമെത്താന്‍ ആളുകള്‍ വിഷമിച്ചു. ഹര്‍ത്താലില്‍ വാഹന ഗതാഗതം തടസ്സപ്പെടുത്തില്ലെന്ന് അറിയിച്ചിരുന്നെങ്കിലും പലയിടത്തും സംഘപരിവാര്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ചേലക്കര, മുതുവറ തുടങ്ങീ ഗ്രാമീണ മേഖലകളിലും ഹര്‍ത്താലനുകൂലികള്‍ ഇരുചക്ര വാഹനങ്ങളടക്കം തടഞ്ഞു. ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തുന്നതിനിടെ പലയിടത്തും മറ്റ് പാര്‍ട്ടികളുടെ പ്രചാരണ ബോര്‍ഡുകള്‍ തകര്‍ത്തു. പ്രധാന ജങ്ഷനുകളിലെല്ലാം പോലിസ് സുരക്ഷയൊരുക്കിയിതാനാല്‍ ജില്ലയിലെവിടേയും കാര്യമായ അക്രമ സംഭവങ്ങള്‍ ഉണ്ടായില്ല. ഏകാദശി ആഘോഷം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്ര നഗരിയിലെ കടകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ തൃശൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി സുധാകരന്‍, ജില്ലാ പ്രസിഡന്റ് ബാലന്‍ പണിക്കശേരി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ നാഗേഷ് നേതൃത്വം നല്‍കി. കുന്നംകുളം: ഹര്‍ത്താല്‍ കുന്നംകുളം മേഖലയില്‍ പൂര്‍ണമായിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച്് ഹിന്ദു ഐക്യവേദി തലപ്പിളളി താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ കുന്നംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി. നഗരകേന്ദ്രത്തില്‍ നടന്ന പൊതുയോഗത്തില്‍ ഹിന്ദു ഐക്യവേദി തലപ്പിളളി താലൂക്ക് സമിതി പ്രസിഡന്റ് സതീശന്‍ ഒറ്റപ്പിലാവ്, ജന.സെക്രട്ടറി ടി.സുരേഷ്, ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് കെഎസ് സന്തോഷ്, ബിഎംഎസ് മേഖല സെക്രട്ടറി തിലകന്‍ സംസാരിച്ചു. പെരുമ്പിലാവ് മേഖയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ചാലക്കുടി: ജില്ലാ വ്യപകമായി അഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചാലക്കുടിയില്‍ പൂര്‍ണമായിരുന്നു. സ്വകാര്യ ബസ്സുകള്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചു. കെഎസ്ആര്‍ടിസിഷട്ടില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചെങ്കിലും ദീര്‍ഘദുര ബസ്സുകള്‍ സര്‍വീസ് നടത്തി. മാള: ജില്ലാ ഹര്‍ത്താലിന് മാള മേഖലയില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. മാള ടൗണിലും മാള പഞ്ചായത്തിലെ മറ്റിടങ്ങളിലും അന്നമനട, കുഴൂര്‍, പൊയ്യ, പുത്തന്‍ചിറ, ആളൂര്‍ ഗ്രാമപഞ്ചായത്തുകളിലും ബഹുഭൂരിപക്ഷം കടകമ്പോളങ്ങളും അടഞ്ഞു കിടപ്പായിരുന്നു. ചെറു ഗ്രാമപ്രദേശങ്ങളിലടക്കം സമാനമായ അവസ്ഥയായിരുന്നു. മാള കെഎസ്ആര്‍ടിസിയില്‍ നിന്നും 30 ഷെഡ്യൂളുകള്‍ വിവിധ ഭാഗങ്ങളിലേക്കായി അയച്ചിരുന്നെന്നും വരുമാനം വളരെ കുറവായിരുന്നെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ രാവിലെ കെഎസ്ആര്‍ടിസി ഓടിച്ചത് കണ്ടവര്‍ ഉച്ചക്ക് ശേഷം ബസ്സ് സ്‌റ്റോപ്പുകളില്‍ കാത്ത് നിന്ന് നിരാശരാവേണ്ടി വന്നു. ഇരുചക്ര വാഹനങ്ങളും കാറുകളുമടക്കമുള്ള വാഹനങ്ങള്‍ പലയിടത്തും ധാരാളമായി ഓടി. എറണാകുളം ജില്ലയോട് ചേര്‍ന്നു കിടക്കുന്ന മേഖലയായതിനാല്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ എറണാകുളം ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട്. സ്‌കൂള്‍ ബസ് വരാതിരുന്നതിനാലും സമയത്ത് കെഎസ്ആര്‍ടിസി ബസ്് ലഭിക്കാത്തതിനാലും ഭൂരിഭാഗം കുട്ടികള്‍ക്കും വിദ്യാലയങ്ങളില്‍ എത്താനായില്ല. എറണാകുളം ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റും സ്ഥാപനങ്ങളില്‍ എത്താനായില്ല. പലരും പറയുന്നത് നാടിനെ പിന്നോട്ടടിപ്പിക്കുന്ന, കൂലിപ്പണിക്കാരെയടക്കം ദ്രോഹിക്കുന്നതുമായ ഹര്‍ത്താല്‍ കോടതികള്‍ ഇടപെട്ട് നിരോധിക്കണമെന്നാണ്.
Next Story

RELATED STORIES

Share it