Flash News

സംഘപരിവാര വധഭീഷണി : ആശിഷ് ഖേതന്‍ സുപ്രിംകോടതിയില്‍



ന്യൂഡല്‍ഹി: സംഘപരിവാരത്തിന്റെ തുടര്‍ച്ചയായ വധഭീഷണിക്കെതിരേ മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് ഖേതന്‍ സുപ്രിംകോടതിയെ സമീപിച്ചു. തനിക്ക് സുരക്ഷ വേണമെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിനവ് ഭാരത്, സനാതന്‍ സന്‍സ്ഥ, ഹിന്ദു ജന്‍ജാഗരണ്‍ സമിതി എന്നീ സംഘടനകളുടെ പേരില്‍ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായും ആശിഷ് ഖേതന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് ഡല്‍ഹി പോലിസില്‍ നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്നു ഹരജിയില്‍ കുറ്റപ്പെടുത്തുന്നു. കേസ് അടുത്ത മാസം 5നു പരിഗണിക്കും. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് സ്റ്റിങ് ഓപറേഷനിലൂടെ നിരവധി വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന ആളാണ് ഖേതന്‍. ഹിന്ദുത്വ സംഘടനകള്‍ തനിക്കെതിരേ വധഭീഷണി മുഴക്കുന്നതായി ഈ മാസം ആദ്യമാണ് ഖേതന്‍ ആദ്യമായി പരാതിപ്പെടുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇടപെട്ട് നടപടി എടുക്കണമെന്നു ഖേതന്‍ ആവശ്യപ്പെട്ടു. ഹിന്ദു സന്ന്യാസിമാരെ അപമാനിക്കുന്നതില്‍ എല്ലാ പരിധിയും വിട്ടുവെന്ന് ആരോപിച്ച് മെയ് 9ന് ഒരു കത്തു ലഭിച്ചു. താന്‍ കാരണമാണ് പ്രജ്ഞാസിങ് മലേഗാവ് കേസിലും വീരേന്ദ്ര സിങ് തവാദെ ധബോല്‍ക്കര്‍ വധക്കേസിലും പ്രതിചേര്‍ക്കപ്പെട്ടതെന്നും ഹിന്ദുരാഷ്ട്രത്തില്‍ നിന്നെപ്പോലുള്ളവര്‍ക്ക് വധശിക്ഷയാണ് നല്‍കേണ്ടതെന്നും കത്തില്‍ പറയുന്നതായി ഖേതന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് രാജ്‌നാഥ് സിങിനു കത്തെഴുതിയിരുന്നുവെന്നും ഖേതന്‍ പറയുന്നു. സംഭവം ഞെട്ടിക്കുന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. രാജ്‌നാഥ് സിങ് നടപടി എടുക്കുമെന്നാണ് കരുതുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു. നിലവില്‍ ഡല്‍ഹി ഡയലോഗ് കമ്മിറ്റിയുടെ വൈസ് ചെയര്‍മാനായ ഖേതന്‍ ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനു മേല്‍നോട്ടം വഹിച്ചുവരുകയാണ്.
Next Story

RELATED STORIES

Share it