സംഘപരിവാര രാഷ്ട്രീയ ക്രൂരതയുടെ മരിക്കാത്ത ഓര്‍മ: പ്രഫ. ഹര്‍ഗോപാല്‍

കൊച്ചി: ഗുജറാത്ത് വംശീയകലാപം സംഘപരിവാരം നടപ്പിലാക്കിയ രാഷ്ട്രീയ ക്രൂരതയുടെ ഉദാഹരണമാണെന്നു ബാംഗ്ലൂര്‍ നാഷനല്‍ ലോ സ്‌കൂള്‍ പ്രഫ. ഹര്‍ഗോപാല്‍. ആയിരക്കണക്കിനു മുസ്‌ലിംകളെ ക്രൂരമായി കൊന്നു തള്ളിയ ഗുജറാത്ത് സംഭവം ഇന്ത്യന്‍ ചരിത്രത്തില്‍ കറുത്ത അധ്യായമായി അവശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) സംഘടിപ്പിച്ച 'ഗുജറാത്ത് വംശഹത്യ 16 വര്‍ഷങ്ങള്‍ക്കു ശേഷം' പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രഫ. ഹര്‍ഗോപാല്‍.
വംശത്തിന്റെ പേരില്‍ ജനങ്ങളുടെ ഉള്ളില്‍ വിഷം നിറയ്ക്കുക. പിന്നീട് അതിനെ രാഷ്ട്രീയമായി മുതലെടുക്കുക, ഈ ക്രൂരതയുടെ മുഖമാണ് 2002ല്‍ ഗുജറാത്തില്‍ കണ്ടത്. പിന്നീട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളി ല്‍ നിശ്ശബ്ദമായി അരങ്ങേറിയ വംശഹത്യകളുടെ തുടക്കവും ഗുജറാത്തില്‍ നിന്നാണ്.
ഹിന്ദു-മുസ്‌ലിം സൗഹൃദങ്ങളുടെ മനോഹരമായ നിമിഷങ്ങള്‍ ചരിത്രത്തില്‍ ഏറെയുണ്ട്. എന്നാല്‍ അതു മനപ്പൂര്‍വ്വം വിസ്മരിച്ച് മുസ്‌ലിംകളെ മനുഷ്യരായി പോലും കാണാന്‍ കൂട്ടാക്കാത്ത ഹിന്ദുത്വ തീവ്രതയാണു ഗുജറാത്തില്‍ അരങ്ങേറിയത്. എന്നാല്‍ ഇന്നും സാഹോദര്യ സ്‌നേഹത്തോടെ ഹിന്ദു-മുസ്‌ലിം ജനത ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ജീവിക്കുന്നുണ്ട്. മറ്റു മതങ്ങളെ ബഹുമാനിക്കുന്നതിലൂടെ സ്വന്തം മതത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹം അവിടെ അവശേഷിക്കുന്നുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്ത് കലാപം ആര്‍എസ്എസിന്റെ രാഷ്ട്രീയ പരീക്ഷണശാലയായിരുന്നുവെന്ന് അധ്യക്ഷത വഹിച്ച എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. ഫാഷിസത്തിനെതിരായ ഏറ്റവും മികച്ച പ്രതിരോധമാണ് അതിനെക്കുറിച്ചുള്ള ഓര്‍മ പുതുക്കലെന്നു ചടങ്ങില്‍ സംസാരിച്ച എന്‍സിഎച്ച്ആര്‍ഒ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. പി കോയ അഭിപ്രായപ്പെട്ടു. അത്തരം ഓര്‍മപ്പെടുത്തലുകള്‍ നശിച്ചതാണു ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്രമോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്കു നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ സെക്രട്ടറി റെനി ഐലിന്‍, ദലിത് ആക്റ്റിവിസ്റ്റ് ധന്യ മാധവ്, ദലിത് ചിന്തകന്‍ കെ കെ ബാബുരാജ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ്, എ എം ഷാനവാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it