സംഘപരിവാര ഭീകരത: സിപിഎം 23ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും

തിരുവനന്തപുരം: കന്നുകാലി വ്യാപാരികളെ കൊന്ന് കെട്ടിത്തൂക്കിയ സംഘപരിവാര ഭീകരതയില്‍ പ്രതിഷേധിച്ച് 23ന് വൈകീട്ട് ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
ജാര്‍ഖണ്ഡിലാണ് കന്നുകാലി വ്യാപാരികളായ മുഹമ്മദ് മജ്‌ലുവിനെയും 15 വയസ്സുകാരനായ അസദ്ഖാനെയും സംഘപരിവാരം തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയത്. കഴിഞ്ഞ ദിവസം പോത്തുകളുമായി ചന്തയിലേക്ക് പോവുമ്പോഴാണ് ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിക്ക് 100 കിലോമീറ്റര്‍ അകലെ ബലൂമഡ് വനമേഖലയില്‍ ഈ വ്യാപാരികള്‍ കൊല്ലപ്പെട്ടത്. അങ്ങേയറ്റം മൃഗീയമായ ഇരട്ടക്കൊലപാതകമാണ് ഇവിടെ നടന്നത്. ഇതേസ്ഥലത്ത് നാലുമാസം മുമ്പ് മറ്റൊരു കന്നുകാലി വ്യാപാരിക്കെതിരേ വധശ്രമം നടന്നിരുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ അക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ജാര്‍ഖണ്ഡില്‍ വര്‍ധിച്ചുവരുന്നതെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
നേരത്തേ ഉത്തര്‍പ്രദേശില്‍ മുഹമ്മദ് അഖ്‌ലാക് എന്ന കര്‍ഷകത്തൊഴിലാളിയെ ബീഫ് സൂക്ഷിച്ചുവെന്നു പറഞ്ഞ് വീട്ടിനകത്ത് കയറി അടിച്ചുകൊന്ന സംഭവം ഏവരേയും ഞെട്ടിച്ചതാണ്. സംഘപരിവാരത്തിന്റെ മനുഷ്യത്വഹീനമായ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്നു. മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാക്കി തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് രാജ്യത്തെമ്പാടും സംഘപരിവാരം സംഘടിപ്പിക്കുന്നത്. ഇതിനെതിരേ അതിശക്തമായ പ്രതിരോധനിര രാജ്യത്താകമാനം ഉയര്‍ന്നുവരണമെന്നും സെക്രട്ടേറിയറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it