Flash News

സംഘപരിവാര ഘര്‍വാപസി : ഡോ. ശ്വേതയെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു



തൃശൂര്‍: സംഘപരിവാരത്തിന്റെ ഘര്‍വാപസി കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട ഡോ. ശ്വേതയെ എന്‍സിഎച്ച്ആര്‍ഒ വസ്തുതാന്വേഷണ സംഘം സന്ദര്‍ശിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു, ദേശീയ മനുഷ്യാവകാശ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, അഡ്വ. ഷുക്കൂര്‍, എം കെ ശറഫുദ്ദീന്‍ എന്നിവരാണു തൃശൂരില്‍ ഡോ. ശ്വേതയെയും ഭര്‍ത്താവ് റിന്റോയെയും സന്ദര്‍ശിച്ചത്. വിവാഹത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി ഡോ. ശ്വേത നേതാക്കളോടു പറഞ്ഞു. യോഗയുടെയും ധ്യാനത്തിന്റെയും കൗണ്‍സലിങിന്റെയും മറവില്‍ ക്രിമിനലായ കെ ആര്‍ മനോജ് ഗുരുജി ഭീകരമുറകളാണ് അന്തേവാസികളായ പെണ്‍കുട്ടികളോടു കാണിക്കുന്നത്. പ്രണയിക്കുന്നവരും മിശ്രവിവാഹം ചെയ്തവരും ഇഷ്ടമതം സ്വീകരിക്കുന്നവരും കൗണ്‍സലിങിന്റെ മറവില്‍ കൊടിയ പീഡനമുറകളാണ് അനുഭവിച്ചത്. കൈയും കാലും കെട്ടിയിട്ടു വായില്‍ തുണി കുത്തിനിറച്ചാണു മര്‍ദനം. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ ഗുരുജിയും ആശ്രമനടത്തിപ്പുകാരും സംഗീതത്തോടൊപ്പം നൃത്തം ചവിട്ടും. പ്രാകൃതമായ കൗണ്‍സലിങ് മുറകളിലൂടെ കഴിഞ്ഞതെല്ലാം മറക്കണമെന്നു ഗുരുജിയും ഗുണ്ടാ സംഘങ്ങളും നിരന്തരം മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യുകയാണു പതിവ്. ഇസ്‌ലാം സ്വീകരിച്ച കാസര്‍കോട് സ്വദേശിനി ആതിരയെ ഈ ക്യാംപിലെത്തിച്ചപ്പോള്‍ ബലം പ്രയോഗിച്ചു തട്ടം നീക്കുകയും കുറി തൊടുവിക്കുകയും ചെയ്തതായി ഡോ. ശ്വേത വിവരിക്കുന്നു. കേരളത്തില്‍ വ്യാപകമാവുന്ന ഘര്‍വാപസി ക്യാംപുകള്‍ അടച്ചുപൂട്ടണമെന്ന് എന്‍സിഎച്ച്ആര്‍ഒ നേതാക്കള്‍ ആവശ്യപ്പെട്ടു. ഡോ. ശ്വേതയുള്‍പ്പെടെയുള്ളവരുടെ സുരക്ഷയും ജനാധിപത്യ, മനുഷ്യാവകാശ സ്വാതന്ത്ര്യവും ഉറപ്പുവരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it