Flash News

സംഘപരിവാര ആക്രമണം: ജെഎന്‍യു വിദ്യാര്‍ഥികളുടെ കാംപയിന് തുടക്കം



ന്യൂഡല്‍ഹി: സംഘപരിവാര ആക്രമണത്തിനെതിരേ ജെഎന്‍യു വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കാംപയിന് തുടക്കം. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍, ദലിത് ആക്റ്റിവിസ്റ്റ് ജിഗ്‌നേഷ് മെവാനി, തെഹ്‌സീന്‍ പൂനാവാല, വിദ്യാര്‍ഥി നേതാക്കളായ കനയ്യകുമാര്‍, ഷെഹ്‌ല റാഷിദ്, ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ തുടങ്ങിയവര്‍ കാംപയിന്‍ ഉദ്ഘാടനം ചെയ്തു. പശുവിനെ കടത്തിയെന്നും ബീഫ് കഴിച്ചെന്നും ആരോപിച്ച് സംഘപരിവാരം ആളുകളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കാംപയിന്‍. സംഘപരിവാരം നിയമം കൈയിലെടുക്കുന്ന രീതി രാജ്യത്ത് വ്യാപകമായെന്നും ക്രമസമാധാനനില തകര്‍ക്കുന്നവിധം അത് വളര്‍ന്നെന്നും വിദ്യാര്‍ഥിനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തി ല്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇത് മുസ്്‌ലിംകളുടെ മാത്രം പ്രശ്‌നമല്ലെന്ന് ഷെഹ്‌ല റാഷിദ് പറഞ്ഞു. ജവാറിലും അല്‍വാറിലും കൊല്ലപ്പെട്ടത് ഹിന്ദുക്കളായ ക്ഷീരകര്‍ഷകരാണ്. യുക്തിക്ക് നിരക്കാത്ത കാരണങ്ങള്‍ പറഞ്ഞാണ് സംഘപരിവാരം മറ്റുള്ളവരെ മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത്. ചെറിയ കാര്യങ്ങളുടെ പേരില്‍ നിരവധിപേര്‍ അക്രമത്തിനിരയായി. ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് ഒരാളെ വീട്ടില്‍ കയറി കൊലപ്പെടുത്തി. ജാര്‍ഖണ്ഡില്‍ മുസ്‌ലിംകളായ കന്നുകാലി കച്ചവടക്കാര്‍ തുടര്‍ച്ചയായി അക്രമത്തിനിരയായി- സംഘാടകര്‍ പറഞ്ഞു. ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷനാണ് ദേശവ്യാപകമായി കാംപയിന് നേതൃത്വം നല്‍കുന്നത്.
Next Story

RELATED STORIES

Share it