Flash News

'സംഘപരിവാരത്തിന്റേത് എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ഹിന്ദുത്വ അജണ്ട'



തിരുവനന്തപുരം: തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിധേയമാവാത്ത എല്ലാ ശബ്ദങ്ങളെയും അടിച്ചമര്‍ത്താനുള്ള ഹിന്ദുത്വ അജണ്ടയാണ് സംഘപരിവാരം രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍. സംഘടനയ്‌ക്കെതിരേ ദേശീയതലത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ദുഷ്പ്രചാരണം ഇതിനാവശ്യമായ കളമൊരുക്കലാണ്. എന്‍ഐഎ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളെ ഇത്തരം സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള ഉപകരണമായി മോദി സര്‍ക്കാര്‍ മാറ്റിയിരിക്കുന്നു. പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനുള്ള ഏതു നീക്കത്തെയും ജനാധിപത്യപരമായി ചെറുക്കും. ഇതിന്റെ ഭാഗമായി നാളെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 'ഞങ്ങള്‍ക്കും പറയാനുണ്ട്' എന്ന പ്രമേയത്തില്‍ മഹാസമ്മേളനവും ബഹുജന റാലിയും നടക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയില്‍ ചേരുന്ന സമ്മേളനം ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിക്കും. ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വക്താവ് മൗലാനാ സജ്ജാദ് നുഅ്മാനി, റിട്ട. ജസ്റ്റിസ് കൊല്‍സെ പാട്ടീല്‍ (പൂനെ) വിശിഷ്ടാതിഥികളായിരിക്കും. എംഎല്‍എമാരായ കെ മുരളീധരന്‍, പി സി ജോര്‍ജ്, മുന്‍മന്ത്രി എ നീലലോഹിതദാസന്‍ നാടാര്‍, ഭാസുരേന്ദ്രബാബു (മാധ്യമ നിരീക്ഷകന്‍), എന്‍ പി ചെക്കുട്ടി (തേജസ്), എ വാസു (എസ്ഡിടിയു), അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ് (ലത്തിന്‍ കത്തോലിക്ക ഐക്യവേദി), മൗലാന ഈസ ഫാളില്‍ മമ്പഈ (ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), വിളയോടി ശിവന്‍കുട്ടി (എന്‍സിഎച്ച്ആര്‍ഒ), എം കെ മനോജ്കുമാര്‍ (എസ്ഡിപിഐ), എ എസ് സൈനബ (നാഷനല്‍ വിമന്‍സ് ഫ്രണ്ട്), കെ എ മുഹമ്മദ് ഷമീര്‍ (കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ), ഗോപാല്‍ മേനോന്‍ (ഡോക്യുമെന്ററി സംവിധായകന്‍), വര്‍ക്കല രാജ് (പിഡിപി), കായിക്കര ബാബു (മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി), പ്രഫ അബ്ദുല്‍ റഷീദ് (മെക്ക), പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, നേതാക്കളായ കരമന അഷ്‌റഫ് മൗലവി, കെ എച്ച് നാസര്‍, എം കെ അശ്‌റഫ്, എ അബ്ദുല്‍സത്താര്‍, പി കെ അബ്ദുല്‍ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുക്കും.രൂപീകൃതമായതു മുതല്‍ ആര്‍എസ്എസിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരേ നിലകൊള്ളുന്ന പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട്. അതുകൊണ്ടുതന്നെയാണ് അധികാരം കൈയില്‍ കിട്ടിയപ്പോള്‍ തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ഉയര്‍ത്തി സംഘടനയ്‌ക്കെതിരേ നീക്കം നടത്തുന്നത്. എന്നാല്‍, ഇതുകൊണ്ടൊന്നും പോപുലര്‍ ഫ്രണ്ട് നടത്തിവരുന്ന ഫാഷിസ്റ്റ് വിരുദ്ധ ജനകീയ പോരാട്ടങ്ങളെ തളര്‍ത്താനാവില്ല- ബഷീര്‍ പറഞ്ഞു. അവസാന പോപുലര്‍ ഫ്രണ്ടുകാരനും മണ്ണോട് ചേരുന്നതുവരെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരുനില്‍ക്കുന്നവര്‍ക്കെതിരേ ശബ്ദമുയര്‍ത്തും. ജിഹാദി-ചുവപ്പു ഭീകരതയുടെ പേരില്‍ ബിജെപി നടത്തുന്ന നുണപ്രചാരണം സംസ്ഥാനത്ത് വിഭാഗീയത വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്ന ഇത്തരം വിദ്വേഷപ്രചാരണങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ എ അബ്ദുല്‍സത്താര്‍, കണ്‍വീനര്‍ കെ കെ ഹുസൈര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it